ചാന്ദ്രദൗത്യമായ ചന്ദ്രയാൻ രണ്ടിന്‍റെ കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ

ചാന്ദ്രദൗത്യമായ ചന്ദ്രയാൻ രണ്ടിന്‍റെ കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ

ദില്ലി: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ രണ്ടിന്‍റെ കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ. ജൂലൈ 15-ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ ജിഎസ്എൽവി മാർക്ക് – 3 എന്ന ഇന്ത്യയുടെ ‘ബാഹുബലി’യായ വിക്ഷേപണവാഹനത്തിന്‍റെ ചുമലിലേറിയാകും ചന്ദ്രയാന്‍-2 കുതിക്കുക.

1000 കോടി ചെലവിൽ വിക്ഷേപിക്കുന്ന ഈ ഭീമൻ പേടകം ചന്ദ്രോപരിതലത്തിൽ അതിസങ്കീർണമായ ലാൻഡിംഗിനാണ് ഒരുങ്ങുന്നത്. മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാൻ രണ്ടാം ദൗത്യത്തിലുള്ളത്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ. ലാൻഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്‍റെ പേര് വിക്രം എന്നാണ്.

വിക്രം സാരാഭായിക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള പേര്. സോഫ്റ്റ് ലാൻഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചാന്ദ്രയാൻ രണ്ടിലൂടെ. ഇറങ്ങുന്നതോ ഏറെ വെല്ലുവിളികൾ നിറഞ്ഞ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലും. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല.

കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാൻ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആർഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആർഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ്.

റോവറിന്‍റെ പേര് ‘പ്രഗ്യാൻ’ എന്നാണ്. ചന്ദ്രന്‍റെ ഉപരിതലത്തിൽ കറങ്ങി വിവരങ്ങളെത്തിക്കലാണ് 27 കിലോ ഭാരമുള്ള, ആറ് ചക്രങ്ങളുള്ള ‘പ്രഗ്യാന്‍റെ’ ജോലി. ചന്ദ്രന്‍റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറി, ദക്ഷിണധ്രുവത്തിൽ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്തതിനാൽ പ്രഗ്യാന്‍റെ ജോലിയും ബുദ്ധിമുട്ടേറിയതാകും.

എട്ട് ആനകളുടെ ഭാരം, അതായത് 3.8 ടൺ ഭാരമാണ് ചന്ദ്രയാൻ – 2 പേടകത്തിനുള്ളത്. പൂർണമായും ഇന്ത്യയിൽ നിർമിച്ച ഈ പേടകത്തിൽ പ്രധാനമായും 14 പരീക്ഷണോപകരണങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചന്ദ്രയാൻ – 2ന്‍റെ ഓർബിറ്റർ ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങൾ പകർത്തും.

ലാൻഡറിന്‍റെ ഭാരം ഏതാണ്ട് 1471 കിലോയാണ്. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളും അവിടത്തെ താപനിലയും പരിശോധിക്കും. 27 കിലോയുള്ള പ്രഗ്യാൻ റോവറാകട്ടെ ചന്ദ്രന്‍റെ മണ്ണ് പരിശോധിക്കും. ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പ്രഗ്യാൻ നൽകുമെന്നാണ് പ്രതീക്ഷ.

തമിഴ്‍നാട്ടിലെ മഹേന്ദ്രഗിരിയിലും കർണാടകയിലെ പരീക്ഷണകേന്ദ്രത്തിലുമാണ് ദൗത്യത്തിന്‍റെ മൊഡ്യൂളുകളുടെ അവസാനഘട്ട മിനുക്കുപണികൾ നടന്നത്.

ഇതിന് ശേഷം മൊഡ്യൂളുകൾ തമ്മിൽ യോജിപ്പിച്ചത് ഐഎസ്ആർഒയുടെ ബംഗളുരു ക്യാംപസിൽ വച്ച് തന്നെയാണ്. ഇതിന് ശേഷമാണ് പേടകത്തെ ശ്രീഹരിക്കോട്ടയിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment