കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം
കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം
ജെ.എന്‍.യു വിദ്യാത്ഥി നേതാവ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ കനയ്യയടക്കം പത്തുപേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
ഡല്‍ഹി പൊലീസ് പട്യാലഹൗസ് കോടതിയിലാണ് ആയിരത്തി ഇരുന്നൂറ് പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയ പ്രേരിതമായാണെന്ന് കനയ്യകുമാര്‍ പ്രതികരിച്ചു.
പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരനായ അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്. 2016 ഫെബ്രുവരി ഒന്‍പതിനായിരുന്നു ജെ.എന്‍.യു ക്യാംപസിലെ വിവാദപ്രതിഷേധം.
കനയ്യക്ക് പുറമെ വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ഏഴ് കശ്മീരി വിദ്യാര്‍ഥികള്‍ എന്നിവരെയും കുറ്റപത്രത്തില്‍ പ്രതികളാക്കി. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ കലാപം ഉണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കനയ്യയാണ് മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കിയതെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.
മോദിക്കും ഡല്‍ഹി പൊലീസിനും നന്ദിയുണ്ടെന്നായിരുന്നു കനയ്യകുമാറിന്റെ ആദ്യപ്രതികരണം. മൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ തിരഞ്ഞെടുപ്പിന് മുമ്പ് കുറ്റപത്രം നല്‍കിയതിലൂടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമായതായും കനയ്യകുമാര്‍ പറഞ്ഞു.
Leave a Reply