സ്മാർട്ട് ഫോണിലറിയാം ഇസിജി വ്യതിയാനം
സ്മാർട്ട് ഫോണിലറിയാം ഇസിജി വ്യതിയാനം
അസിത സഹീർ
വിപ്ലവകരമായ മാറ്റങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മേഖലയാണ് ആരോഗ്യ മേഖല.പുത്തൻ സാങ്കേതിക വിദ്യയുടെ കടന്നു വരവുകൾ തെല്ലൊന്നുമല്ല ഈ രംഗത്തെ പുരോഗതിയിലേക്കെത്തിച്ചത്.
കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. ഹൃദയതാളത്തിലെ വ്യതിയാനം കൃത്യസമയത്ത് അറിയാൻ സാധിക്കാതെ വരുന്നതോടു കൂടി അത് മരണത്തിനുവരെ ഇടയാകുന്നു.ഈ വളർച്ചയെ ഒരു പടികൂടി ഉയർത്തുകയാണ് ടെക്നോപാർക്കിലെ ജീവനക്കാരായ ഒരു കൂട്ടം യുവാക്കൾ.വാല്‍ഫെര്‍ ചിപ്സ് ടെക്നോ സൊലുഷന്‍സ് എന്ന സ്ഥാപനത്തിലെ അംഗങ്ങളാണ് ഈ സംരഭത്തിന് പിന്നില്‍.
ഇവിടെയാണ് ഇത്തരം ഒരു ഉപകരണത്തിന്റെ പ്രസക്തി എന്നാണ് ഇവരുടെ പക്ഷം. ഇസിജി യിലെ വ്യതിയാനങ്ങളെ നിമിഷ നേരം കൊണ്ട് കണ്ടെത്താൻ സഹായിക്കുന്ന ഒരു ഉപകരണമാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.പോക്കറ്റിൽ സൂക്ഷിക്കാവുന്ന ഈ ഉപകരണം ബ്ലൂടൂത്തു വഴി ഫോണിൽ ഘടിപ്പിച്ചിരിക്കും.
ഹൃദയതാളങ്ങളെ ഇവ അളക്കുകയും വ്യതിയാനം തോന്നുന്ന പക്ഷം ഫോണിലൂടെ അറിയിപ്പു ലഭിക്കുകയും ചെയ്യും.ഓൺലൈൻ ഡോക്ടറുടെ സഹായം വരെ ലഭ്യമാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.കേരളത്തിലെ പല ഹോസ്പിറ്റലുകളും ഇതിനോടകം ഈ കണ്ടുപിടുത്തം ഏറ്റെടുത്തു കഴിഞ്ഞു.
വിദേശ രാജ്യങ്ങളിൽ അനായാസം ലഭ്യമാകുന്ന ഇത്തരം സംവിധാനങ്ങൾ എന്തുകൊണ്ട് മാതൃരാജ്യത്ത് ഉണ്ടാകുന്നില്ല എന്ന ചിന്തയാണ് ഇത്തരം ഒരു കണ്ടുപിടുത്തതിലേക്ക് ഇവരെ നയിച്ചത്.യുവരക്തങ്ങൾക്ക് കരുത്തേകാൻ സ്റ്റാർട്ടപ്പ് മിഷന്റെ ധനസഹായം കൂടി എത്തിയതോടെ സംഗതി ഗംഭീരമായി പൂർത്തിയാക്കാൻ ഈ പതിനാലംഗ സംഘത്തിനു കഴിഞ്ഞു.
ഓരോ വർഷവും സ്കൂൾ ശാസ്ത്രമേളകളിൽ ഉരുത്തിരിയുന്ന ആശയങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയാൽ തന്നെ വലിയ ചലനങ്ങൾ പല മേഖലയിലും സൃഷ്ടിക്കാൻ നമ്മുടെ നാടിനു കഴിയും. എന്തായാലും ഇത്തരം സൗഹൃദ കൂട്ടായ്മകൾ രചിക്കുന്നത് പുതുചരിത്രം കൂടിയാണ്. ഒപ്പം വരാനിരിക്കുന്ന പിൻമുറക്കാർക്ക് വലിയ പ്രചോദനവും.
Leave a Reply