പൂര്‍ണ ഗര്‍ഭിണിയായ ഹിന്ദു യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കര്‍ഫ്യൂ ഭേദിച്ച് മുസ്ലീം ഓട്ടോക്കാരന്‍

പൂര്‍ണ്ണ ഗര്‍ഭിണിയായ ഹിന്ദു യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കനത്ത കര്‍ഫ്യു ലംഘിച്ച മുസ്ലീമായ ഓട്ടോക്കാരന്‍. ആസാമിലെ ഹൈലകണ്ടിയിലാണ് സംഭവം. മുസ്ലീമായ മഖ്ബൂലാണ് പ്രസവ വേദനയെ തുടര്‍ന്ന് പിടഞ്ഞ നന്ദിത എന്ന ഹിന്ദു യുവതിയെ എല്ലാ പ്രതിബന്ധങ്ങളേയും തകര്‍ത്തു കൊണ്ട് ആശുപത്രിയില്‍ എത്തിച്ചത്.

സാമുദായിക സംഘര്‍ഷങ്ങളുടെ പേരില്‍ രണ്ട് ദിവസം മുന്‍പാണ് അസാമിലെ ഹൈലകണ്ടി നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പ്രസവത്തിന് മുന്‍പ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനായി ഡ്രൈവര്‍ കര്‍ഫ്യൂ ലംഘിക്കുകയായിരുന്നു. ഭാര്യയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടപ്പോള്‍ എങ്ങനെ ആശുപത്രിയിലേയ്ക്ക് എത്തിക്കുമെന്നറിയാതെ നിസ്സാഹനായി നിന്ന ഭര്‍ത്താവ് റുബോണ്‍ ദാസിനടുത്തേയ്ക്കാണ് എന്ത് പ്രശ്നമുണ്ടെങ്കിലും താന്‍ ഓട്ടോയിറക്കാമെന്ന് പറഞ്ഞ് ഇവരുടെ അയല്‍വാസി കൂടിയായ മഖ്ബൂല്‍ എത്തിയത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച നന്ദിതയ്ക്ക് ഒരു ആണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്. മതസൗഹാര്‍ദത്തില്‍ നിന്നുണ്ടായ കുഞ്ഞിന് ശാന്തി എന്നാണ് പേര് നല്‍കിയത്.

സംഭവം പുറത്തുവന്നതോടെ മഖ്ബൂലിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വവും കൊണ്ട് മാത്രമാണെന്ന് പിന്നീട് ഇവരെ സന്ദര്‍ശിച്ച ജില്ല പൊലീസ് സൂപ്രണ്ട് മോഹനീഷ് മിശ്ര പറഞ്ഞു. മതത്തിന്റെ പേരില്‍ ആളുകള്‍ തമ്മില്‍ തല്ലുന്ന കാലത്ത് ഇത്തരം സംഭവങ്ങള്‍ മാതൃകാപരം എന്നാണ് എല്ലാവരും വിലയിരുത്തുന്നത്.

സമയത്ത് ആശുപത്രിയില്‍ എത്തുമോയെന്ന പേടി മാത്രമായിരുന്നു തന്റെ മനസില്‍ ആ സമയത്ത് ഉണ്ടായിരുന്നതെന്ന് മഖ്ബൂല്‍ പറഞ്ഞു. കൃത്യ സമയത്തിന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതിലും അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നതിലും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment