Cochin Flower Show 2019 | കൊച്ചിന്‍ ഫ്ലവര്‍ ഷോ; ‘കേരളം വീണ്ടും പൂവണിയട്ടെ’ നാളെ(ജനുവരി 4) മുതല്‍
‘കേരളം വീണ്ടും പൂവണിയട്ടെ’ കൊച്ചിന്‍ ഫ്ലവര്‍ ഷോ നാളെ(ജനുവരി 4) മുതല്‍
കൊച്ചി: എറണാകുളം അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 37ാമത് പുഷ്പ-ഫല-സസ്യപ്രദര്‍ശനം കൊച്ചിന്‍ ഫ്ലവര്‍ ഷോയ്ക്ക് മറൈന്‍ ഡ്രൈവില്‍ നാളെ (ജനുവരി 4) തുടക്കമാകും. രാവിലെ ഒമ്പതു മണിയ്ക്ക് പ്രദര്‍ശനം തുടങ്ങും.
വൈകീട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജെയിന്‍, കെ.വി.തോമസ് എംപി, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രളയദുരിതത്തിനുശേഷം നടത്തുന്ന ഫ്ലവര്‍ ഷോയുടെ മുദ്രാവാക്യം ‘കേരളം വീണ്ടുംപൂവണിയട്ടെ’ എന്നാണ്. ജില്ലാ കളക്ടര്‍ പ്രസിഡന്റായ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ വരുമാനം പൂര്‍ണ്ണമായും നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.
കൊച്ചിയുടെ ചരിത്രത്തിലാദ്യമായി 50000 ചതുരശ്ര അടിയിലാണ് ഇത്തവണ പുഷ്പാലങ്കാരപ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. 4000 റോസ് ചെടികള്‍, 1500ലേറെ അപൂര്‍വ്വയിനം ഓര്‍ക്കിഡുകള്‍, ലില്ലിച്ചെടികള്‍, അഡീനിയം, ആന്തൂറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, വെജിറ്റബിള്‍ കാര്‍വിങ്, ഫ്രഷ് ഫ്ലവര്‍ ഡെക്കറേഷന്‍, ടെറേറിയം, ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍, അലങ്കാര കള്ളിച്ചെടികള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
കൃഷിവകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, നാളികേരവികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കേരഫെഡ്, ഇന്‍ഫോപാര്‍ക്ക്, എംപിഇഡിഎ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും.
സന്ദര്‍ശകരുടെ സംശയനിവാരണത്തിന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ അഗ്രി ക്ലിനിക് സജ്ജമാക്കിയിട്ടുണ്ട്. വീടുകളില്‍ പൂന്തോട്ടമൊരുക്കുന്നതു സംബന്ധിച്ചുള്ള വിദഗ്‌ധോപദേശവും ലഭിക്കും. ജനുവരി 13 വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുമണിവരെയാണ് പ്രദര്‍ശനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രവേശനം ലഭിക്കും.
Leave a Reply