Colonel V P K Nair l Art Gallery l SADU ALIYUR l ‘ആത്മീയതയുടെ ചിത്രഭാഷ്യം’ കേണൽ വി പി കെ നായരുടെ ചിത്രങ്ങളുടെ പ്രദർശനം
‘ആത്മീയതയുടെ ചിത്രഭാഷ്യം’ കേണൽ വി പി കെ നായരുടെ ചിത്രങ്ങളുടെ പ്രദർശനം
തിരുവനന്തപുരം:നെയ്യാറ്റിൻകരയിലെ റിട്ടയേർഡ് കേണൽ വി പി കെ നായരുടെ ആത്മീയ ചിത്രങ്ങളുടെ പ്രദർശനം വടകര ബ്ലോക്ക് പഞ്ചായത്ത് ആർട് ഗാലറിയിൽ ആരംഭിച്ചു. ലോകപ്രശസ്ഥ ചിത്രകാരൻ സദു അലിയൂർ ചിത്ര പ്രദർശനത്തിൻറെ ഉത്‌ഘാടനം നിറഞ്ഞ സദസ്സിൽ നിർവ്വഹിച്ചു. ആർമിയിൽ നിന്ന് ആർട്ടിസ്റ്റിലേക്ക് അടിവെച്ചുകയറിയ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സരസ്വതിവിലാസത്തിൽ റിട്ട :കേണൽ വി പി കെ നായരുടെ ആധ്യാത്മിക വർണ്ണചിത്രങ്ങളുടെ ചിത്രപ്രദർശനം മലബാർ മേഖലയിൽ ആദ്യമായാണ് ചോമ്പാലയിൽ നടക്കുന്നത്.
‘ആത്മീയതയുടെ ചിത്രഭാഷ്യം ‘‘എന്ന് വിശേഷിപ്പിക്കാവുന്ന ആർട്ടിസ്‌റ് വി പി കെ നായരുടെ അത്യമൂല്യ ചിത്ര ശേഖരത്തിൽ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. രാമായണത്തിലെ വിവിധ സന്ദർഭങ്ങൾ ആസ്പദമാക്കിയുളള ചിത്രങ്ങൾക്കൊപ്പം ശിവൻറെ കോസ്‌മിക് നൃത്തം,ശങ്കരകൃതികളുടെ ചിത്രവ്യാഖ്യാനം,കുണ്ഡലിനി യോഗ പരമ്പരയിലെ വ്യത്യസ്ഥ ചിത്രങ്ങൾ,ബ്രഹ്മവിദ്യ,ലളിത സഹസ്രനാമത്തിൻറെ ചിത്രരൂപം,നചികേതസ്സ് ഉൾപ്പെടുന്ന കഠോപനിഷത്ത് എന്നിങ്ങിനെ പോകുന്നു ചിത്ര ഭാഷ്യം.
34 വർഷങ്ങൾ എയർഫോഴ്‌സിലും,കരസേനയിലും രാജ്യത്തിനു വേണ്ടിയും സേവനം പൂർത്തിയാക്കിയ യോഗാചാര്യൻ കൂടിയായ കേണൽ തൻറെ എൺപത്തി രണ്ടാമത്തെ വയസ്സിലും ജീവിതം സജീവമാക്കുന്നത് ചിത്ര രചനയിലൂടെയാണ്.ആത്മീയതയിലൂടെ ചിത്രങ്ങൾക്ക് ജീവൻ നൽകി അർത്ഥം കണ്ടെത്തുകയാണ് വയോധികനായ വിമുക്ത ഭടൻ.വിശ്രമ ജീവിതകാലത്തിനിടയിലാണ് ഇത്രയധികം വിലപ്പെട്ട ചിത്രങ്ങൾ വരച്ചു തീർത്തത്.
സ്പിരിച്യുൽ പെയിന്റിംഗ് അഥവാ ‘ആധ്യാത്മിക വർണ്ണചിത്രങ്ങൾ’എന്നാണ് കേണൽ തൻറെ ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്. എല്ലാകാലത്തേക്കും തൻറെ ചിത്രങ്ങൾ സംരക്ഷിക്കപെടണം എന്നുള്ളത്കൊണ്ട് അടുത്ത സുഹൃത്തും ചോമ്പാല സ്വദേശിയുമായ ദിവാകരൻ ചോമ്പാലയുടെ ഇടപെടലിലൂടെ തൻറെ ഇരുപതോളം ചിത്രങ്ങൾ വടകര ബ്ലോക്ക് പഞ്ചായത്ത് ആർട് ഗാലറിക്ക് സൗജന്യമായി സമർപ്പിക്കുകയാണുണ്ടായത്.
നെയ്യാറ്റിൻകരയിലെ കേണൽ വി പി കെ നായരുടെ ആർട് ഗ്യാലറിയിൽ നടന്ന ലളിതമായ ചടങ്ങിൽ വടകര ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ചോമ്പാൽ ആർട് ഗ്യാലറിക്കുവേണ്ടി ചിത്രങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി.
തിരുവനന്തപുരത്ത് നടത്തിയ ചിത്ര പ്രദർശനം കാണാനായെത്തിയ വിദേശികൾ ഒന്നര ലക്ഷം രൂപ വിലനൽകാൻ തയ്യാറായിട്ടും കലയെ കച്ചവടമാക്കാൻ തയ്യാറല്ലാത്ത ആർട്ടിസ്റ്റ് കേണൽ വി പി കെ ആസ്വാദകരുടെ ആവശ്യം സ്നേഹപൂർവ്വം നിരസിക്കുകയാണുണ്ടായത്. പ്രസ്തുത ചിത്രങ്ങളും ചോമ്പാല ആർട് ഗ്യാലറിയിലേക്ക് സൗജന്യമായി നല്കിയവയിൽപെടുന്നു.
ആത്മീയതയുടെ ചിത്രഭാഷ പെട്ടെന്നുള്ള വേദാന്ത പഠനത്തിന് ആക്കം കൂട്ടിയെന്ന് കേണൽ കരുതുന്നു.ശ്രീശ്രീരവിശങ്കർജിക്ക് ഉപഹാരമായി നൽകാൻ വേണ്ടി വരച്ചുതീർത്ത ചിത്രം ഏറ്റുവാങ്ങാൻ പ്രമുഖ ശിഷ്യൻ സ്വാമി ജ്യോതിർമയാജി തന്റെ വീടിനോട് ചേർന്ന ആർട് ഗ്യാലറിയിലെത്തിയത് ജീവിതത്തിലെ അമൂല്യ സന്ദർഭങ്ങളിലൊന്നാണെന്നും കേണൽ വി പി കെ സമ്മതിക്കുന്നു.
അതുപോലെ വിമാനായാത്രക്കിടയിൽ വി കെ കൃഷ്ണമേനോനുമായി പരിചയപ്പെടാൻ ഭാഗ്യമുണ്ടായതും,വിമാനത്തിൽ വെച്ചുതന്നെ അദ്ദേഹത്തിന്റെ പെൻസിൽസ്‌കെച്ച് വരച്ചുനൽകിയതും വി കെ കൃഷ്ണമേനോൻ അനുമോദന കുറിപ്പെഴുതിത്തന്നതും അഭിമാനപൂർവ്വം കാണിക്കുകയുണ്ടായി.വടകര ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ശ്യാമള കൃഷ്ണാർപ്പിതം, ദിവാകരൻ ചോമ്പാല,ആർട്ടിസ്‌റ് രമേശൻ, റൂബി രാഘവൻ, മഹേഷ് ഓ ടി കെ, ശ്രീജിത്ത് വിലാതപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കേണൽ വി പി കെ നായർ ഫോൺ 04712222652, 9388828902.
Leave a Reply