യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍

അത്താവറില്‍ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് അത്താവറില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമയായ പൊളാളി മൊഗരു സ്വദേശിനി ശ്രീമതി ഷെട്ടി(35) കൊല്ലപ്പെട്ടത്.

കൊലപാതകത്തില്‍ അത്താവര്‍ സ്വദേശി ജോണസ് ജൂലിന്‍ സാംസണ്‍ (36), ഭാര്യ വിക്ടോറിയ മത്തായിസ് (46) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജോണസ് നന്ദിഗുഡ്ഡെയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തുകയും നഷ്ടത്തിലായതോടെ അടുത്തിടെ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. കട നടത്താനായി ജോണസ് ശ്രീമതിയില്‍ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ അറുപതിനായിരം രൂപ തിരികെ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ജോണസ് പണം തിരികെ നല്‍കിയില്ല. ഇതോടെ പണം തിരികെ ആവശ്യപ്പെട്ട് ശ്രീമതി ശനിയാഴ്ച രാവിലെ ജോണസിന്റെ വീട്ടിലെത്തുകയും ഇതേതുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശ്രീമതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകശേഷം മൃതദേഹം മൂന്ന് കഷണങ്ങളാക്കി. തലയും കുറച്ചു ശരീര ഭാഗങ്ങളും കദ്രിയില്‍ ദേശീയപാതയോരത്തും കുറച്ച് ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും ഉപേക്ഷിച്ചു. കാല്‍പാദവും കൈപ്പത്തിയും ശ്രീമതിയുടെ സ്്കൂട്ടറിന്റെ സീറ്റിനടിയില്‍ ലഗേജ് വെക്കുന്ന ഭാഗത്ത് ഒളിപ്പിച്ച് സ്‌കൂട്ടര്‍ നാഗൂരിയില്‍ ഉപേക്ഷിച്ചു. അന്വേഷണം വഴിതെറ്റിക്കാനാണ് ശരീര ഭാഗങ്ങള്‍ പ്രതി പലയിടങ്ങളിലായി ഉപേക്ഷിച്ചത്.

ശ്രീമതി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച സ്‌കൂട്ടറും, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ഇവ ഒളിപ്പിക്കാന്‍ സഹായിച്ച രാജു എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

പോലീസ് തങ്ങളെ തിരിച്ചറിഞ്ഞെന്നു മനസിലായതോടെ കഴുത്തിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച ജോണസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിടുന്നതോടെ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും. നേരത്തെ ഹോക്കി സ്റ്റിക്കു കൊണ്ട് ഒരാളെ അടിച്ചു കൊന്ന കേസിലും ജോണസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ശ്രീമതിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ പോലീസ് സംഘത്തെ സഹായിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*