ഹിന്ദു തീവ്രവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുവായിരുന്നെന്ന പരാമര്‍ശത്തില്‍ നടന്‍ കമല്‍ഹാസനെതിരെ തമിഴ്നാട് പൊലീസ് ക്രിമിനല്‍ കേസെടുത്തു. മതവികാരം വൃണപ്പെടുത്തിയെന്നും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറവാകുറിച്ചി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

തമിഴ്നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം. ‘ഇവിടെ നിരവധി മുസ്ലീങ്ങള്‍ ഉള്ളതുകൊണ്ടല്ല ഞാനിത് പറയുന്നത്.. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് ഞാനിക്കാര്യം പറയുന്നത്.. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്.. അയാളുടെ പേര് നാഥുറാം ഗോഡ്സെ’ കമല്‍ പറഞ്ഞു. വിവിധ മതവിശ്വാസങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിവാദ പരാമര്‍ശത്തില്‍ കമലിനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കമല്‍ഹാസന്റെ നാവരിയണമെന്നും മക്കള്‍ നീതി മയ്യത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും തമിഴ്‌നാട് മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment