ഗോത്ര ജനതയുടെ സംസ്കാര സമ്പന്നതയ്ക്ക് മാറ്റ് കൂട്ടുന്ന ഒന്നാണ് തനത് വിഭവങ്ങൾകുമില് ചുട്ടതും പിന്നെ കൊരട്ട
രമ്യ ബാലകൃഷ്ണൻ

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഉള്ള കാര്യാണ് കേട്ടോ… മുൻപ് എന്ന് പറഞ്ഞാൽ എന്റെ കുട്ടിക്കാലത്തു എന്ന് പറയുന്നതാവും ശരി

പറമ്പിലൂടെ നടക്കുമ്പോൾ കിട്ടുന്ന നരമ്പളപ്പൻ കുമില് വീട്ടിൽ കൊണ്ട് വന്ന് വല്യമ്മയുടെ കയ്യിൽ കൊടുത്താൽ അതിൽ കുറച്ച് ഉപ്പും വിതറി വിറക് അടുപ്പിലെ എരിയുന്ന കനലിൽ ഇട്ട് ചുട്ട് തരും.

തറവാട് വീട്ടുമുറ്റത്തുള്ള വലിയ മുരിങ്ങയുടെ കീഴിൽ രാത്രി വിരിച്ച് വെച്ചിരിക്കുന്ന ചാക്കിൽ രാവിലെ എഴുനേൽക്കുമ്പോൾ നിറയെ ചിതറിക്കിടക്കുന്ന വെള്ള മുരിങ്ങപ്പൂക്കൾ ഉണ്ടാകും.

അത് എടുത്ത് മൂന്ന് , നാല് കാന്താരിയും വെളുത്തുള്ളിയും അരച്ച് അതിൽ അല്പം തേങ്ങയും ചിരകിയിട്ട് വല്യമ്മ ഉണ്ടാക്കുന്ന മുരി ങ്ങപ്പൂവ് തോരൻ…

കഞ്ഞിക്ക് കറിയില്ലാത്ത നേരങ്ങളിൽ അമ്മ പച്ച വാളൻപുളിയും, കാന്താരിയും വെളുത്തുള്ളിയും ചേർത്തരച്ചു ഉണ്ടാക്കുന്ന ചമ്മന്തി., അങ്ങനെയങ്ങനെ …. വർഷങ്ങൾക്കിപ്പുറം നാവിൽ തങ്ങി നിൽക്കുന്ന എത്രയെത്ര രുചിക്കൂട്ടുകൾ….

ഗോത്ര ജനതയുടെ സംസ്കാര സമ്പന്നതയ്ക്ക് മാറ്റ് കൂട്ടുന്ന ഒന്നാണ് തനത് വിഭവങ്ങൾ . കാടിനെ ആശ്രയിച്ചും, സ്വന്തമായി കൃഷി ചെയ്‌തും ജീവിച്ച് പോന്നത് കൊണ്ട് തന്നെ അന്നത്തെ ഭക്ഷണ വിഭവങ്ങൾക്ക് സ്വാദ് മാത്രമായിരുന്നില്ല, ആരോഗ്യസംരക്ഷണം നിലനിർത്തുന്നതിനുള്ള കഴിവും ഉണ്ടായിരുന്നു.

പക്ഷേ ഇന്നത്തെ ഞങ്ങളുടെ ജീവിതരീതിയിൽ ആധുനികവൽക്കരണം കടന്നു വന്നതോടെ ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി.

കാലത്തിനനുസൃതമായ മാറ്റങ്ങളാണ് അതിനുള്ള കാരണം പണ്ടൊക്കെ ഞങ്ങളുടെ വീടുകളിൽ പഞ്ചസാര ഇട്ട് ഒരു കട്ടൻചായ കുടിക്കുന്നത് വർഷത്തിൽ ഒന്നോ, രണ്ടോ തവണ ഉണ്ടാകാറുള്ള എന്തെങ്കിലും ചെറിയ ആഘോഷവേളകളിലായിരിക്കും.അമ്മ പറയാറുണ്ട്, അമ്മയുടെ ചെറുപ്പക്കാലത്ത് ഞങ്ങളുടെ കല്യാണവീടുകളിലെ പ്രധാന വിഭവം കഞ്ഞിയും ചക്കയും ആയിരുന്നു എന്ന്. പണ്ട് കാലത്ത് ഞങ്ങളുടെ വീട്ടിലെ കറികൾക്ക് എണ്ണയും കടുകുമൊന്നും അലങ്കാരമായി ഉണ്ടായിരുന്നില്ല , എന്നാൽ ഇന്ന് അതല്ല അവസ്ഥ.

നന്നായി എണ്ണയിൽ വഴറ്റി എടുത്ത്, കടുകും കറിവേപ്പിലയും ഇട്ട കറികളാണെങ്കിൽ പോലും ചിലപ്പോഴൊക്കെ നാവിന് ആസ്വാദ നമുണർത്താൻ കഴിയാതെ പരാജയപെട്ട് മടങ്ങാറുണ്ട്.

അങ്ങനെ തോന്നുന്ന നേരങ്ങളിൽ അമ്മയെനിക്ക് കൊടത്താളും, പൈച്ചത്തംപുളിയും, ഉണക്കമീൻ ചുട്ടതും ചുട്ട ചക്കക്കുരു ചമ്മ ന്തിയും , ഊയിക്കാട്ടിൽ നിന്ന് കൊണ്ട് വരുന്ന കണലയും, മുളച്ച കൊരട്ടകറിയുമൊക്കെയായി അടിപൊളി തനത് വിഭവങ്ങൾ വിളമ്പിത്തരും.

ഗർഭിണി ആയിരുന്ന ആദ്യമാസങ്ങളിൽ എല്ലാ സ്ത്രീകൾക്കുമുള്ളത് പോലെ എനിക്കും എന്തൊക്കെയോ കഴിക്കാനുള്ള ആഗ്രഹം തോന്നി…കുരുമുളക് പൊടിയും വെളുത്തുള്ളിയുംമൊക്കെ ഇട്ട് അമ്മ ഉണ്ടാ ക്കുന്ന കണ്ടല് ചക്ക തോരൻ, കാന്താരിയും വാളൻപുളിയും ചേർത്തു ണ്ടാക്കുന്ന ചുവന്ന താള്കറി, ഉണക്കമീനും പൈച്ചത്തംപുളിയും ചേർത്തുണ്ടാക്കുന്ന ചമ്മന്തി…..അങ്ങനെയങ്ങനെ.. പക്ഷേ എന്ത് ചെയ്യാൻ .. ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്ത് വാടകവീട്ടിൽ താമസിക്കുമ്പോൾ ഈ പറഞ്ഞ വമ്പൻ ഐറ്റമെല്ലാം എവിടുന്നു കിട്ടും. എന്റെ ആവലാതി കണ്ട ഭർത്താവ് ഹോട്ടലിൽ നിന്നും പലതരം കറികളും, പലഹാരങ്ങളും കൊണ്ട് തന്നു.

പക്ഷേ അതെല്ലാം കഴിച്ചിട്ടും തൃപ്തിപ്പെടാൻ കഴിയാതെ മനസ്സ് വീണ്ടും പരിഭവം പറഞ്ഞു . ഡെലിവറിവരെ ഭർത്താവിന്റെ കൂടെ തന്നെ നിൽക്കുമെന്ന് വാശി പിടിച്ച ഞാൻ ഒടുവിൽ തീരുമാനം മാറ്റി അമ്മയുടെ അരികിൽ ഓടിയെത്തി.

അന്നാണ് ജീവിതത്തിൽ ആദ്യമായി അമ്മയുടെ കൈപുണ്യവും തനത് രുചിയുടെ മഹത്വവും ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. പണ്ടൊക്കെ സ്കുളിൽ പഠിക്കുന്ന സമയത്ത്, ഹൈസ്കൂൾ ക്ലാസു കളിലെ കുട്ടികൾക്ക് സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടായിരുന്നില്ല.

ഓരോ ദിവസവും അമ്മ തന്ന് വിടുന്ന ടിഫിൻ ബോക്സിൽ ഇലക്ക റികളുടെ ഘോഷയാത്രയായിരുന്നു. കാട്ടുചീര , ചേനയില, തകരയില, മുരിങ്ങയില, പയറില്ല , മത്തൻ ഇല, ഇങ്ങനെ നീളുന്നു വിഭവങ്ങൾ.അപകർഷത ബോധം മൂലം ക്ലാസ്സിലെ മറ്റ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണംകഴിക്കാൻ ആ കാലഘട്ടത്തിൽ കാണിച്ചിരുന്ന മടി , ഇന്നോർക്കുമ്പോൾ ശുദ്ധ അബദ്ധമാണെന്ന് തിരിച്ചറിയുന്നുണ്ട്.

സത്യം പറഞ്ഞാൽ അന്നെത്തെ ഇല്ലായ്മകളാണ്‌ ഇത്രയേറെ തനത് വിഭവങ്ങളെ ഞങ്ങളുടെ ഗോത്രത്തിന് സൃഷ്ടിച്ച് തന്നത് പണിയെടു ത്താൽ കിട്ടുന്ന നെല്ല് , ഒരു നേരെത്തെ വിശപടക്കാൻ പോലും തികയാതെ വന്നത് കൊണ്ടാകാം, നരയും, കുരുണ്ടും, കേതയും, വെണ്ണിയും തോട്ടിലെ മീനും ഞണ്ടും, എന്തിന്…. ആകാശത്തിലെ പക്ഷിയും , പാമ്പും , കാട്ടു മൃഗങ്ങളെല്ലാം തന്നെ ഞങ്ങളുടെ അടുക്കളയിലെ നിത്യ സന്ദർശകരായി മാറിയത്.
ഞങ്ങളുടെ ഗോത്രത്തിലെ എൺപത് കഴിഞ്ഞ മുതിർന്ന അഗംങ്ങൾ ഇപ്പോഴും ജീവിതശൈലി രോഗങ്ങൾക്ക് മുന്നിൽ അടിമപ്പെടാതെ നിൽക്കുന്നതിന്റെ കാരണം തന്നെ അവരുടെ പഴയകാല ജീവിത രീതിയിലെ ഭക്ഷണ വിഭവങ്ങളാകാം.

ഇയൊരു വസ്തുത ഞങ്ങളെ ഓർമ്മപ്പെടുത്തുന്നത്, കാലഘട്ടത്തിന്റെ ഒഴുക്കിനനുസരിച്ച് ജീവിതം മുന്നോട്ട് പോകുമ്പോഴും തനത് വിഭവ ങ്ങളെ ചേർത്ത് പിടിച്ച് ജീവിക്കുക എന്നതാണ്.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*