സംസ്‌കൃതിയെ പിന്നോട്ടടിപ്പിക്കുന്നത്‌ വിശ്വാസം

കൊച്ചി : സംസ്‌കൃതിയെ പിന്നോട്ടടിപ്പിക്കുന്നത്‌ വിശ്വാസമാണെന്ന്‌ കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍. ‘അറിവിന്റെ ഭാരതീയ വഴികള്‍’ വിഷയത്തില്‍ എച്ച്‌ ആന്‍ഡ്‌ സി റീഡേഴ്‌സ്‌ ഫോറം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചേറില്‍ പുതഞ്ഞുകിടക്കുന്ന ചീങ്കണ്ണിയെപ്പോലെ സംസ്കൃതിയുടെ കണങ്കാലില്‍ കടിച്ച്‌ പുറകോട്ടുനിര്‍ത്തുന്നത്‌ വിശ്വാസമാണ്‌. വിശ്വാസത്തില്‍ ഉറച്ചുപോയ ഒരു സമൂഹത്തില്‍ അടിസ്ഥാനപരമായ ജ്ഞാനോല്‍പ്പാദനം നടക്കില്ല. ശാസ്‌ത്രീയമായ ചിന്തയ്‌ക്ക്‌ അവിടെ ഇടമില്ല.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ അറിവ്‌ കൂട്ടിച്ചേര്‍ക്കുന്ന പാരമ്ബര്യമാണ്‌ ഇന്ത്യയുടേത്‌. ഇന്ന്‌ അതിന്‌ ഇടമില്ല. താന്‍ പറയുന്നതുമാത്രം ശരിയെന്ന്‌ ഉറച്ചുനില്‍ക്കുകയാണ്‌. ഒന്നുപറഞ്ഞ്‌ രണ്ടാമത്‌, പറഞ്ഞയാളുടെ കുടുംബചരിത്രത്തില്‍ തുടങ്ങി സംഘര്‍ഷത്തിലേക്കെത്തുന്ന അവസ്ഥയാണ്‌. ഇതാണോ ശരിയെന്ന സംശയമാണ്‌ ജ്ഞാനാന്വേഷണത്തില്‍ വേണ്ടത്‌. ഒരു കാര്യത്തിന്‌ തെളിവില്ലെങ്കില്‍ അതേക്കുറിച്ച്‌ പറയരുത്‌.

രാജ്യത്ത്‌ 11–ാംനൂറ്റാണ്ടിനുശേഷം ഗൗരവമായ ജ്ഞാനോല്‍പ്പാദനം നടന്നത്‌ ഗണിതശാസ്‌ത്രത്തില്‍ മാത്രമാണ്‌. ഏറ്റവും മനോഹരമായ വാസ്തുവിദ്യയുള്ള രാജ്യത്താണ്‌ മനുഷ്യന്‌ സ്വീകരിക്കാവുന്ന ഒന്നുംതന്നെയില്ലാത്ത, അസംബന്ധമായ ‘വാസ്തുശാസ്‌ത്രം’ വളര്‍ച്ച നേടിയത്‌.

നമ്മള്‍ ഭക്തിപ്രസ്ഥാനത്തിനുപിന്നാലെ പോയി ജ്ഞാനോല്‍പ്പാദനത്തിന്റെ സാധ്യതകളെ ഒഴിവാക്കി. ഭക്തി വ്യക്തിപരമായി ഗുണം ചെയ്യുമായിരിക്കാം. പക്ഷേ, മനുഷ്യരാശിക്ക്‌ സംഭാവന ചെയ്യാന്‍ അതിന്‌ കഴിയില്ല. ബാബ്‌രി മസ്‌ജിദ്‌ കേസില്‍ ആ സ്ഥലം ഒരു സര്‍വകലാശാല പണിയാന്‍ വിട്ടുകൊടുക്കുന്നതിനുപകരം വിശ്വാസം വളര്‍ത്താനാണ്‌ ഉപയോഗിച്ചതെന്നും ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു.

ഡോ. ബാബു ജോസഫിന്റെ ‘ഡാര്‍വിന്‍’ എന്ന പഠനഗ്രന്ഥം ഡോ. രാജന്‍ ഗുരുക്കള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. എന്‍ ഇ സുധീര്‍, ഡോ. ബാബു ജോസഫ്‌ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply