അഭിമാനപൂർവം മകൾക്ക് സല്യൂട്ടടിച്ച് അച്ഛൻ; സാക്ഷിയായി പോലീസ് സേന
അഭിമാനപൂർവം മകൾക്ക് സല്യൂട്ടടിച്ച് അച്ഛൻ; സാക്ഷിയായി പോലീസ് സേന
മക്കൾ തങ്ങളെക്കാളും ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. അതിനായി എന്ത് ത്യാഗവും സഹിക്കുന്നവരാണ്. പോലീസ് സർവീസിൽ തന്നെക്കാൾ ഉയർന്ന റാങ്കിലെത്തിയ സ്വന്തം മകളെ അഭിമാനപൂർവം സല്യൂട്ട് ചെയ്ത് ഒരച്ഛൻ. സല്യൂട്ട് സ്വീകരിച്ച് അച്ഛനാണ് തന്റെ പ്രചോദനം എന്ന് പറഞ്ഞുകൊണ്ട് ഒരു മകളും.
കഴിഞ്ഞ ദിവസം നടന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ പൊതുസമ്മേളനത്തിനിടെയാണ് കൗതുകകരമായ ഈ സംഭവം നടന്നത്. ഡെപ്യൂട്ടി കമ്മീഷണറായ ഉമാ മഹേശ്വര ശര്‍മ ജില്ലാ പോലീസ് സൂപ്രണ്ടായ മകൾ സിന്ധു ശർമ്മയെ ആണ് സല്യൂട്ട് ചെയ്തത്. ഒരച്ഛൻ മകൾക്ക് നൽകിയ വലിയൊരു ആദരവ് തന്നെയായിരുന്നു പരസ്യമായ ആ സല്യൂട്ടടി.
1985 ല്‍ ആണ് ഉമാ മഹേശ്വര ശര്‍മ സബ് ഇന്‍സ്‌പെക്ടറായി പോലീസ് സർവീസിൽ ചേരുന്നത്. ഇപ്പോൾ അദ്ദേഹം ഡെപ്യൂട്ടി കമ്മീഷണറാണ്. മകള്‍ സിന്ധു ശർമ്മ 2014 ൽ ഐപിഎസ്സുകാരിയായിട്ടാണ് സർവീസിൽ പ്രവേശിക്കുന്നത്. അച്ഛനാണ് തന്റെ ഏറ്റവും വലിയ പ്രചോദനം എന്ന് സിന്ധു പറഞ്ഞു. സർവീസിലിരിക്കെ മകളെ സല്യൂട്ട് ചെയ്യാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ശര്‍മയും പറഞ്ഞു. അദ്ദേഹം അടുത്ത വര്‍ഷം ജോലിയില്‍ നിന്ന് വിരമിക്കും.
Leave a Reply