നടി ഊർമ്മിളാ ഉണ്ണിക്കൊപ്പം വേദി പങ്കിടാൻ ഇഷ്‌ടമില്ലെന്ന് എഴുത്തുകാരി ദീപാ നിശാന്ത്‌

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പേരിൽ ഏർപ്പെടുത്തിയ അക്ഷരപുരസ്‌ക്കാരം നടി ഊർമ്മിളാ ഉണ്ണിക്കൊപ്പം വേദി പങ്കിടാൻ ആഗ്രഹിക്കുന്നില്ലെന്ന് എഴുത്തുകാരി ദീപാ നിശാന്ത്‌. താരസംഘടനയുടെ യോഗത്തിൽ ദിലീപിനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടിയുള്ള ഊർമ്മിള ഉണ്ണിയുടെ ചോദ്യത്തെ അത്ര നിഷ്‌കളങ്കമായി ഉൾക്കൊള്ളാൻ കഴിയില്ലെന്നും പ്രിവിലേജുകളിൽനിന്ന്‌ അനുഭവിക്കുന്ന സൗകര്യങ്ങൾ എല്ലാവർക്കുമുണ്ടെന്ന്‌ കരുതുന്ന വലംപിരി ശംഖിന്റെ പ്രചാരകരോട്‌ തനിക്കൊന്നും പറയാനില്ലെന്നും ദിപാ നിശാന്ത്‌ വ്യക്‌തമാക്കി

പോസ്‌റ്റ്‌ ചുവടെ
ജൂലൈ ഒന്നാം തിയ്യതി കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അവാർഡ്ദാനച്ചടങ്ങിൽ നിന്ന് ഞാൻ വിട്ടു നിൽക്കുകയാണ്.ഒരു മഹാമനുഷ്യൻ്റെ പേരിലുള്ള ഒരു പുരസ്കാരത്തെ എല്ലാ ആദരവോടും കൂടെ മനസാ സ്വീകരിക്കുന്നതോടൊപ്പം ആ ചടങ്ങിൽ പങ്കെടുക്കുന്ന ഊർമ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഞാൻ മാറി നിൽക്കുന്നു. ഞാൻ പങ്കെടുത്തില്ലെങ്കിലും ആ ചടങ്ങിന് ഒന്നും സംഭവിക്കില്ല. പക്ഷേ ഞാൻ പങ്കെടുത്താൽ പ്രശ്നം എനിക്കു മാത്രമാണ്.

കേരളത്തിലെ സ്ത്രീകളുടെ രാത്രിയാത്രാപ്രശ്നങ്ങളെപ്പറ്റി ഒരു ചർച്ചയിൽ ഊർമ്മിള ഉണ്ണി പറഞ്ഞതു കേട്ടിട്ടുണ്ട്,’കേരളത്തിൽ അങ്ങനൊരു പ്രശ്നമേ ഇല്ല. ഇന്നലെ രാത്രി ചെന്നെയിൽ നിന്ന് ഞാൻ എയർപോർട്ടിൽ എത്തി. അവിടെ നിന്ന് ടാക്സി പിടിച്ച് വീട്ടിലെത്തി. ഒറ്റയ്ക്കായിരുന്നു യാത്ര. എനിക്കൊരു പ്രശ്നവുമുണ്ടായില്ല. എന്നെയാരും ഉപദ്രവിച്ചുമില്ല,ശല്യപ്പെടുത്തിയതുമില്ല!’ എന്ന്. അത്തരം കാഴ്ചപ്പാടുകളുള്ള ആളുകളിൽ നിന്ന് ഞാൻ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നമ്മുടെ പ്രിവിലേജുകളിൽ നിന്നു കൊണ്ട് നമ്മളനുഭവിക്കുന്ന സൗകര്യങ്ങൾ എല്ലാവർക്കുമുണ്ടെന്നു കരുതുന്ന വലം പിരി ശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനുമില്ല.

അവളോടൊപ്പമല്ല !ഞാനും അവളാണ് എന്ന ബോധ്യത്തിൽ നാളെ നമ്മളോരോരുത്തർക്കും ഇത് സംഭവിക്കാമെന്ന ബോധ്യത്തിൽ
ജോലിക്കു പോകുമ്പോഴോ മടങ്ങി വരുമ്പോഴോ ഒരു കാറ് അടുത്തുവന്നു നിൽക്കാമെന്നും ഡോറ് തുറന്ന് നമ്മെ വലിച്ചതിനകത്തേക്കിടാമെന്നും ജീവൻ എന്ന ഒറ്റ ലക്ഷ്യം മുന്നിൽ നിൽക്കുമ്പോൾ പല ഭീഷണികൾക്കും വഴിപ്പെടാമെന്നും ഒക്കെയുള്ള ബോധ്യത്തിൽ ,അത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്ന വ്യക്തികളോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നു.’ ദിലീപിന്റെ വിഷയത്തിൽ എന്താ തീരുമാനം ?’ എന്ന ഊർമ്മിള ഉണ്ണിയുടെ ചോദ്യവും അതിനെത്തുടർന്ന് അവിടെയുണ്ടായ ആഹ്ലാദാതിരേകങ്ങളും അത്ര നിഷ്കളങ്കമായി കാണാനുള്ള വിശാലത എന്റെ ചെറിയ മനസ്സിനില്ല. എന്നോട് ക്ഷമിക്കുക.

എനിക്ക് എല്ലാവരേയും മാറ്റാനാവില്ല.എന്റെ പ്രതിഷേധം എനിക്കിങ്ങനെയേ പ്രകടിപ്പിക്കാനാകൂ.

നേരത്തെ എടുത്ത തീരുമാനമാണ്. സംഘാടകരെ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിട്ടുമുണ്ട്. അതൊരു വാർത്തയാക്കാനുള്ള ഉദ്ദേശം എനിക്കില്ലായിരുന്നു. പക്ഷേ രാവിലെ ചിലർ പത്രവാർത്ത കണ്ട് വിളിക്കുന്നുണ്ട്. അന്വേഷിക്കുന്നുണ്ട്. അതു കൊണ്ടു മാത്രം ഇതിവിടെ അറിയിക്കുന്നു.

നന്ദി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*