പേ വിഷ ബാധയേറ്റതറിഞ്ഞില്ല: എട്ടുവയസ്സുകാരന് ദിവസങ്ങള്‍ക്ക് ശേഷം ദാരുണാന്ത്യം

പേ വിഷ ബാധയേറ്റ എട്ടുവയസ്സുകാരന്‍ ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത്.

മരിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പേവിഷ ബാധയേറ്റതായിരിക്കാമെന്ന സംശയമുണ്ടായത്. ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലാത്തതിനാലാണ് ലേരത്തെതന്നെ സംശയമൊന്നും ഉണ്ടാകാതിരുന്നത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അധികൃതര്‍ വിദഗ്ദ ചികിത്സ ലഭ്യമാകുന്ന മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞെങ്കിലും വാഹന സൗകര്യം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ കുട്ടിയെ വീട്ടിലേക്ക് തന്നെ കൊണ്ടു പോയി. ഇതോടെ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കുട്ടിമരിക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പാണ് വെമ്പായം തലയല്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേകിനെ അവശ നിലയില്‍ കണ്ടെത്തിയത്. രോഗ കാരണം മനസ്സിലാകാത്ത ബന്ധുക്കള്‍ കുട്ടിയെ സമീപത്തെ ഒരാളില്‍നിന്ന് നൂല്‍ ജപിച്ചു കെട്ടി. എന്നാല്‍, രാത്രി മുതല്‍ കുട്ടി പേവിഷ ബാധയേറ്റ അടയാളങ്ങള്‍ പ്രകടമാക്കി തുടങ്ങി. വെളിച്ചം കണ്ടാല്‍ ഭയക്കുകയും തുറിച്ചു നോക്കുകയും വിറയ്ക്കുകയും ചെയ്തു.

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കുട്ടിയെ ആദ്യം എത്തിച്ചെങ്കിലും പനിക്കുള്ള മരുന്ന് നല്‍കി തിരിച്ചയച്ചു. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കന്യാകുളങ്ങളെ സിഎച്ച്സിയില്‍ എത്തിക്കുകയും അവിടെയുള്ള ഡോക്ടറാണ് പേവിഷ ബാധയേറ്റതാണെന്ന സംശയം പ്രകടിപ്പിച്ചതും എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതും.

ബാധയേറ്റത് നായയുടെ ഉമിനീരില്‍നിന്നാകാം എന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment