കൈയില്ലാത്ത കസേരയ്ക്ക് ആറു രൂപ; പ്രചാരണത്തിന് ഒരാള്‍ക്ക്‌ 1000 രൂപ

കൈയില്ലാത്ത കസേരയ്ക്ക് ആറു രൂപ; പ്രചാരണത്തിന് ഒരാള്‍ക്ക്‌ 1000 രൂപ

കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ പ്രചരണാവശ്യ ത്തിനുപയോഗിക്കുന്ന വിവിധ വസ്തുക്കളുടെ നിരക്ക് പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചതു പ്രകാരം ഒരു കസേരക്ക് ആറു രൂപയാണ് പ്രതിദിനവാടക . 

ഊണിന് 80 രൂപയും സ്റ്റിക്കർ പതിച്ച ഒരു കുടക്ക് 150  രൂപയും ചെലവ് കണക്കാക്കും.  കൈയില്ലാത്ത കസേരക്കാണ് ആറു രൂപ. കൈയുള്ള കസേരക്ക് എട്ടുരൂപയാണ് ഒരു ദിവസത്തെ വാടക.  വിഐപി കസേരയാണെങ്കിൽ 50 രൂപ നൽകണം.  മേശയ്ക്ക് 25 രൂപയും സോഫയ്ക്ക് 250 രൂപയുമാണ് നിരക്ക്.  ഒരു ബാഡ്ജിന് മൂന്നു രൂപ കണക്കാക്കും.

ആംപ്ലിഫൈയറോടു കൂടിയ സ്പീക്കറിന് 1500 രൂപയും സ്റ്റാന്റോടു കൂടിയ മൈക്രോഫോണിന് 250 രൂപയും എക്കോ മിക്സറിന് 650 രൂപയും സി.ഡി.പ്ലേയറിന് 200 രൂപയുമാണ് നിരക്ക്.  എൽ സി ഡി പ്രൊജക്ടർ 1500 രൂപ, എൽഇഡി ടിവി (40-56 ഇഞ്ച്) 1500 രൂപ, വാട്ടർ കൂളറിന് 1500 രൂപ വീതമാണ് പ്രതിദിന നിരക്ക്.

1000 പോസ്റ്ററുകൾക്ക് 4500 രൂപ കണക്കാക്കും.  500 സീറ്റുകളുള്ള ഹാളിന് 10,000 രൂപയും അഞ്ഞൂറിൽത്താഴെ സീറ്റുള്ളവയ്ക്ക് 6,000 രൂപയുമാണ് വാടക. 10 പേരുള്ള ചെണ്ടമേളത്തിന് 7,000 രൂപയും  20 പേരുള്ള ചെണ്ടമേളത്തിന് 12,000 രൂപയും ശിങ്കാരിമേളത്തിന് 10,000 രൂപയും പഞ്ചവാദ്യത്തിന് 5,000, നാദസ്വരത്തിന് 4,000,  എട്ടു പേരുള്ള കാവടിയാട്ടത്തിന് 10,000രൂപ വീതം കണക്കാക്കും.

കംപ്യൂട്ടറിന് ദിവസം 850 രൂപയാണ് വാടക.  വീഡിയോ റെക്കോഡിങ്ങിന് മണിക്കൂറിന് 3,000 രൂപയും കമാനത്തിന് 2,500 രൂപയുമാണ്  നിശ്ചയിച്ചിട്ടുള്ളത്.  ഡ്രൈവർക്ക് 700 രൂപ വീതം പ്രതിദിനം കണക്കാക്കും.  

ഹാൻഡി ക്യാമിന് പ്രതിദിനം 400, ഡ്രോൺ ക്യാമറക്ക് മണിക്കൂറിന് 300 രൂപ വീതം നൽകണം.  അലങ്കരിച്ച ജീപ്പിന് 3000 രൂപയാണ്  നിരക്ക്.  ഗാനമേളയോ നാടൻ പാട്ടോ സംഘടിപ്പിക്കാൻ 10,000 രൂപ വേണം.  ഒരു മൊബൈൽ എസ് എം എസിന് 25 പൈസ കണക്കാക്കും.  ടൂറിസ്റ്റ് ബസ്സ് വിളിക്കാൻ 8,500 രൂപ വേണം. 

വാഹന പ്രചരണത്തിന് പ്രതിദിനം ഒരാൾക്ക്  1,000 രൂപ നിരക്കിൽ കണക്കാക്കും. 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാട് ആരു നടത്തിയാലും ആദായ നികുതി വകുപ്പിനെയും ചെലവ് നിരീക്ഷണ സ്ക്വാഡിനെയും വിവരമറിയിക്കാൻ  ബാങ്കുകൾക്ക്  നിർദ്ദേശമുണ്ട്.
നിരക്ക് സംബന്ധിച്ച പട്ടിക തിരഞ്ഞെടുപ്പ് വിഭാഗത്തിൽ നിന്നും  സ്ഥാനാർത്ഥികൾക്ക് ലഭ്യമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*