ആപ്പ് വിവരങ്ങള്‍ കൈമാറിയാല്‍ ഫെയ്‌സ്ബുക്ക് നിങ്ങള്‍ക്ക് ഇനി പ്രതിഫലം തരും

ആപ്പ് വിവരങ്ങള്‍ കൈമാറിയാല്‍ ഫെയ്‌സ്ബുക്ക് നിങ്ങള്‍ക്ക് ഇനി പ്രതിഫലം തരും

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ ആപ്ലിക്കേഷനുമായി ഫെയ്‌സ്ബുക്ക്. ഉപഭോക്താക്കള്‍ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നുവെന്നും എന്തെല്ലാം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും തുടങ്ങി വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റഡി എന്ന ആപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

എത്ര സമയം ആപ്പുകള്‍ ഉപയോഗിക്കുന്നു, ഡിവൈസ് ഉപയോഗിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നു തുടങ്ങിയ വിവരങ്ങള്‍ ആപ്പ് ശേഖരിക്കും. ഉപഭോക്താക്കള്‍ ഈ വിവരങ്ങള്‍ കൈമാറുന്നതിന് തിരിച്ച് പ്രത്യുപകാരമായി അവര്‍ക്ക് പണം നല്‍കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ എത്ര പണം നല്‍കുമെന്നത് വ്യക്തമാക്കിയിട്ടില്ല. തുടക്കത്തില്‍ ഇന്ത്യയിലും അമേരിക്കയിലും മാത്രമാണ് ആപ്പ് ലഭ്യമാകുക. ഫെയ്‌സ്ബുക്ക് നല്‍കുന്ന ഒരു പരസ്യ ലിങ്കില്‍ പ്രവേശിച്ച് വേണം ആപ്പ് ഉപയോഗിക്കുന്നതിന് യോഗ്യത നേടാന്‍ ആപ്പ് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചാല്‍ പ്ലേ സ്റ്റോറില്‍ നിന്ന് സ്റ്റഡി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ആവശ്യമായ ഗവേഷണങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഈ ആപ്പിലൂടെ ചുരുങ്ങിയ ചില വിവരങ്ങള്‍ മാത്രമെ കമ്പനി ശേഖരിക്കുള്ളൂവെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

അതേസമയം ഉപഭോക്താക്കളുടെ യൂസര്‍ ഐഡി, പാസ് വേര്‍ഡുകള്‍,ഫോട്ടോകള്‍, വീഡിയോകള്‍ മെസ്സേജുകള്‍ തുടങ്ങിയവ ആപ്പ് വഴി ശേഖരിക്കില്ലെന്ന് കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment