വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ നിരവധി ആശുപത്രികളില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടറെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. ആലപ്പുഴ മുന്‍സിപ്പല്‍ വാടയ്ക്കല്‍ വാര്‍ഡില്‍ ചക്കുംപറമ്പില്‍ വീട്ടില്‍ സാജന്‍ (യേശുദാസ്-42) ആണ് പിടിയിലായത്.

വര്‍ഷങ്ങളായി അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രി, ചേര്‍ത്തല എക്‌സറെ ആശുപത്രി, പള്ളിപ്പുറം സെന്റ് തോമസ് ആശുപത്രി, കിന്റര്‍ ആശുപത്രി, എറണാകുളം പി എസ് എം ആശുപത്രി എന്നിവിടങ്ങളില്‍ ഡെര്‍മാറ്റോളജിസ്റ്റ് ആയി നിലവില്‍ പ്രാക്ടീസ് നടത്തിവരികയായിരുന്നു.

പ്രീഡിഗ്രി പാസായതിനുശേഷം ഫിസിയോ തെറാപ്പി കോഴ്സിനു പോയ യേശുദാസ് കോഴ്സ് പൂര്‍ത്തിയാക്കാതെ എംബിബിഎസിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുകയാണെന്ന് മാതാപിതാക്കളെയും ഭാര്യയെയും മറ്റുബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു പിന്നീട് വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഡോക്ടറായി ചികിത്സ നടത്തിവരികയായിരുന്നു.

ചങ്ങനാശ്ശേരി സെന്റ് ട്രീസാ ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി തുടങ്ങിയ ആശുപത്രികളില്‍ ട്രെയിനിംഗും ജനറല്‍ പ്രാക്ടീസും നടത്തിയിരുന്നു.

വ്യാജ എംബിബിഎസ് മാര്‍ക്ക് ലിസ്റ്റും ഐഎംഎ സര്‍ട്ടിഫിക്കറ്റും കാണിച്ച് ഇയാള്‍ പല വന്‍കിട ആശുപത്രികളിലും കടന്നുകൂടി. കുടുംബവീട്ടിലും സ്വന്തം വീട്ടിലും നൂറുകണക്കിന് രോഗികളെയാണ് പ്രതി ദിനംപ്രതി ചികിത്സിച്ചുവന്നിരുന്നത്.

മാന്യമായ പെരുമാറ്റ രീതികൊണ്ട് വളരെപെട്ടെന്നാണ് രോഗികളുടെ പ്രിയപ്പെട്ട ഡോക്ടറായി യേശുദാസ് മാറിയത്. സമൂഹത്തിലെ നാനാതുറയിലുള്ളവരും ഇയാളെ വിശ്വസിച്ചു. ചേര്‍ത്തല ഐഎംഎ യൂത്ത് ക്ലബ്ബ് സെക്രട്ടറിയാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

തിരുവനന്തപുരം മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ അസിസ്റ്റന്റ് സര്‍ജനായി ജോലി നോക്കിവരുന്ന ഡോക്ടറുടെ രജിസ്ട്രേഷന്‍ നമ്പരിലാണ് യേശുദാസ് വ്യാജമായി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിവന്നത്. ചേര്‍ത്തല എക്സറേ ആശുപത്രിയില്‍ നിന്നും പ്രാക്ടീസിനുശേഷം ഇറങ്ങിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ.എം ടോമിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷസംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

വളരെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് സൗത്ത് പൊലീസ് യേശുദാസിനെ പിടികൂടിയത്. കൂടുതല്‍ പേര്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയുവാന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഇയാള്‍ക്ക് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തുവാന്‍ സഹായിച്ച റാക്കറ്റിനെക്കുറിച്ച് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിക്കുമെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള സ്വകാര്യ ആശുപത്രികളില്‍ വ്യാജ ഡോക്ടര്‍മാര്‍ ജോലിനോക്കി വരുന്നുണ്ടോ എന്നറിയുന്നതിന് കൂടുതല്‍ വിപുലമായി അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*