അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട

അച്ഛന്റെ സമ്മാനം: ഈ സുന്ദരിയ്ക്ക് പെട്രോളും വേണ്ട ഡീസലും വേണ്ട

സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓണ്‍ലൈന്‍ ഗെയിമും വീഡിയോ ഗെയിമും തയ്യാറാക്കി കൊടുക്കുന്ന മാതാപിതാക്കളുടെ കാലത്ത്, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍.

തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമനാണ് തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഹൈടെക് രീതിയിലുള്ള ഇത്തരം ഒരു ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സാണ് അരുണ്‍.

മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മുന്‍പും മക്കള്‍ക്കായി അരുണ്‍ മിനി ജീപ്പും ബുള്ളറ്റും ഉണ്ടാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

അച്ഛനും മക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയ്ക്കു പേരും ഇട്ടിട്ടുണ്ട്. ‘സുന്ദരി’. ഏഴരമാസമെടുത്തു അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കാന്‍. ബാറ്ററില്‍ ഓടുന്ന മിനിയേച്ചര്‍ ഓട്ടോയാണിത്.

വീട്ടില്‍ നിന്ന് ലഭിച്ച ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. കിക്കറും, ഇന്റിക്കേറ്ററും, വൈപ്പറും, ഹെഡ് ലൈറ്റും, ഹോണുമെന്നല്ല ഫസ്റ്റ് എയിഡ് കിറ്റ് വരെയുണ്ട് ‘സുന്ദരി’യില്‍.

പെന്‍ ഡ്രൈവ് കുത്തി പാട്ട് ആസ്വദിക്കാം, മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം തുടങ്ങി ധാരാളം പ്രത്യേകതകള്‍ ഈ കുഞ്ഞന്‍ ഓട്ടോയ്ക്കുണ്ട്.

60കിലോ ഭാരം വരെ ഈ ഇത്തിരി കുഞ്ഞന്‍ ഓട്ടോയ്ക്ക് താങ്ങാമെന്ന് അരുണ്‍കുമാര്‍ പറയുന്നു. സൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply