മീന്‍കുളത്തിലെ വെള്ളം സാമൂഹികവിരുദ്ധര്‍ തുറന്നുവിട്ടു: ചത്തത് എണ്ണായിരത്തോളം മത്സ്യങ്ങള്‍

മീന്‍കുളത്തിലെ വെള്ളം സാമൂഹികവിരുദ്ധര്‍ തുറന്നുവിട്ടു: ചത്തത് എണ്ണായിരത്തോളം മത്സ്യങ്ങള്‍

രാത്രിയില്‍ മീന്‍കുളത്തിന്റെ വാല്‍വ് സാമൂഹികവിരുദ്ധര്‍ തുറന്നുവിട്ടതിനെത്തുടര്‍ന്ന് ചത്തത് എണ്ണായിരത്തോളം മത്സ്യങ്ങള്‍. കുളത്തിലെ വെള്ളം മുഴുവന്‍ ഒഴുകിപ്പോയതോടെയാണ് മത്സ്യങ്ങള്‍ ചത്തത്. കടുത്തുരുത്തിയിലാണ് സംഭവം.

പ്രവാസി മലയാളികൂടിയായ ഇരവിമംഗലം കൊച്ചുപറമ്പില്‍ ജോസി(സൈജു)ന്റെ വീടിനുസമീപം നടത്തുന്ന അക്വാപോണിക് ഫിഷ് ഫാമിന്റെ വാല്‍വാണ് വെള്ളിയാഴ്ച രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ തുറന്നുവിട്ടത്.

വീട്ടുകാര്‍ ഫാമിന്റെ വാല്‍വ് പൂട്ടി രാത്രി 8.30-ഓടെയാണ് പണികഴിഞ്ഞു വീട്ടിലേക്കുപോയത്. ശനിയാഴ്ച രാവിലെ സൈജു ഫാമിലെത്തിയപ്പോള്‍ മത്സ്യം മുഴുവന്‍ ചത്തുകിടക്കുന്നതാണു കണ്ടത്. തുടര്‍ന്നു പരിശോധിച്ചപ്പോഴാണ്, തലേദിവസം അടച്ച വാല്‍വ് പൂര്‍ണമായും തുറന്നുവെച്ചിരിക്കുന്നതു കണ്ടത്.

അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് സൈജു പറയുന്നത്. മീന്‍കുളത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മീനുകളെ വിറ്റുതുടങ്ങിയത്. ദിവസം 70 കിലോ മത്സ്യംവരെ വിറ്റിരുന്നു. കിലോയ്ക്ക് 250 രൂപയ്ക്കായിരുന്നു വില്പന.

സംഭവത്തെത്തുടര്‍ന്ന് കടുത്തുരുത്തി എസ്.എച്ച്.ഒ. പി.കെ.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും വാര്‍ഡംഗം ബിജു മറ്റപ്പള്ളിയും സ്ഥലത്തെത്തി.

ആരോഗ്യവകുപ്പ് പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ജെ.സി.ബി. ഉപയോഗിച്ച് വീട്ടുവളപ്പില്‍ത്തന്നെ കുഴിയെടുത്ത് മീനുകളെ അതിലിട്ടുമൂടി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply