എം.ഡി.എം.എ മയക്കുമരുന്നുമായി നാലു യുവാക്കൾ പോലീസ് പിടിയിൽ

Four youths arrested with MDMA drugs

എം.ഡി.എം.എ മയക്കുമരുന്നുമായി നാലു യുവാക്കൾ പോലീസ് പിടിയിൽദേശീയ പാതയിൽ നെടുമ്പാശേരി കരിയാട് ജംഗ്ഷനിൽ നൂറു ഗ്രാമോളം എം.ഡി.എം.എ മയക്കുമരുന്നുമായി നാലു യുവാക്കൾ പോലീസ് പിടിയിൽ പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർ മൊയ്തീൻ (24), ആലുവ തോട്ടുമുഖം മുണ്ടക്കൽ വീട്ടിൽ ഹാഷിം (23) വെങ്ങോല പെയ്നാടി വീട്ടിൽ ജസീൽ പി.ജലീൽ (24), ഉളിയന്നൂർ കാടുകണ്ടത്തിൽ വീട്ടിൽ ആസിഫ് (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ബംഗലൂരുവിൽ നിന്ന് കാർ മാർഗമാണ് നാലംഗ സംഘം മയക്കുമരുന്ന് കൊണ്ടു വന്നത്. സ്‌റ്റീയറിംഗിനടയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പൊതുമാർക്കറ്റിൽ എം.ഡി.എം.എയ്ക്ക് ലക്ഷങ്ങൾ വിലവരുമെന്നാണ് കണക്കാക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പോലീസ് ഇവരുടെ വാഹനം പിന്തുടർന്ന് വന്ന് കരിയാട് ജംഗ്ഷനിൽ വട്ടമിട്ട് നിർത്തിയാണ് പിടി കൂടിയത്.

പോലീസ് വളഞ്ഞപ്പോൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. ഇതിനു മുമ്പും ഇവർ മയക്കുമരുന്ന് കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നു തൂക്കാനുള്ള ത്രാസും വണ്ടിയിൽ നിന്നും കണ്ടെടുത്തു.

എറണാകുളം റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻ കുട്ടി, നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം.ബൈജു തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും, ഇവർ ആർക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.

കഴിഞ്ഞയാഴ്ച വാഹനത്തിൽ കടത്താൻ ശ്രമിച്ച 225 കിലോഗ്രാം കഞ്ചാവ് കറുകുറ്റിയിൽ നിന്നും ഇതേ പോലിസ് സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ റിമാന്‍റിലാണ്.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*