ബേക്കറിയിൽ അമ്പലപ്പുഴ പാൽപായസമെന്ന പേരിൽ പായസവിൽപ്പന ; വ്യാജനെതിരെ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

ചെങ്ങന്നൂർ: ബേക്കറിയിൽ അമ്പലപ്പുഴ പാൽപായസമെന്ന പേരിൽ പായസവിൽപ്പന, അമ്പലപ്പുഴ പാൽപായസം എന്ന പേരിൽ പായസം സ്വകാര്യ ബേക്കറിയിൽ വിൽപ്പനയ്ക്ക് വച്ച് ഭക്തരെ പറ്റിക്കാൻ ശ്രമിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അമ്പലപ്പുഴ പാൽപ്പായസം എന്ന് പേര് ഉപയോഗിച്ച് പാൽപ്പായസം വിറ്റതിനാണ് തോംസൺ ബേക്കറി എന്ന സ്ഥാപനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തിയിരിയ്ക്കുന്നത്.

തിരുവല്ല കടപ്പറ ജോളി ഫുഡ് പ്രോഡക്ട്സ് ആണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള തോംസണ്‍ ബേക്കറിയില്‍ ദിവസങ്ങളായി അമ്പലപ്പു‍ഴ പാല്‍പ്പായസം വിറ്റു വന്നത്. ഇത് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പു‍ഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉദ്ദ്യോഗസ്ഥര്‍ ബേക്കറിയിലെത്തി പാല്‍പ്പായസം ആവശ്യപ്പെട്ടിരുന്നു. ആദ്യം പാല്‍പ്പായസം നല്‍കാന്‍ വിസമ്മതിച്ച ബേക്കറി ജീവനക്കാര്‍ പിന്നീട് 175 രൂപ വില ഈടാക്കി പായസം നല്‍കി.

കൂടാതെ വിജിലന്‍സ് വിഭാഗവും പരിശോധന നടത്തി തട്ടിപ്പ് മനസ്സിലാക്കിയ ശേഷം വിഷയം ദേവസ്വം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അമ്പലപ്പു‍ഴ ക്ഷേത്രത്തില്‍ തയ്യാറാക്കി ക്ഷേത്രത്തിലെ കൗണ്ടറിലൂടെ മാത്രം ഭക്തര്‍ക്ക് വിതരണം ചെയ്ത് വരുന്നതാണ് അമ്പലപ്പു‍ഴ പാല്‍പായസം. ബേക്കറി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയതായി ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാര്‍ അറിയിച്ചു.

ആലപ്പു‍ഴ എസ്‌പി, അമ്പലപ്പു‍ഴ പോലീസ് എന്നിവര്‍ക്ക് ദേവസ്വം ബോര്‍ഡ് പരാതിനല്‍കിയതായി ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. 500 മില്ലിലിറ്റര്‍ അമ്പലപ്പു‍ഴ പാല്‍പ്പായസം എന്ന പേരില്‍ 175 രൂപ വാങ്ങിയാണ് ബേക്കറി ജീവനക്കാര്‍ പായസം വിറ്റിരുന്നത്. കൂടാതെ സ്വകാര്യ ബേക്കറിയില്‍ അമ്പലപ്പു‍ഴ പാല്‍പ്പായസ വില്‍പ്പന എന്ന് തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെയും വാട്സ് അപ് സന്ദേശങ്ങള്‍ വ‍ഴിയും വ്യാപകമായ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരക്കാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ വരുമാനങ്ങളിലൊന്നായ അമ്പലപ്പു‍ഴ പാല്‍പ്പായസ വില്‍പ്പനയെ തകര്‍ക്കാനും അമ്പലപ്പു‍ഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്‍റെ പ്രസിദ്ധിയ്ക്ക് കോട്ടം വരുത്താനുമുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*