കൊച്ചിയില്‍ കാര്‍ ആക്രമിച്ച് 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കൊച്ചിയില്‍ വന്‍ സ്വര്‍ണകവര്‍ച്ച. ഇന്നലെ അര്‍ധരാത്രിയില്‍ എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വര്‍ണ കമ്പനിയിലേക്ക് കൊണ്ട് പോയ 6 കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കാര്‍ മാര്‍ഗം ആലുവ ഇടയാറിലെ സിആര്‍ജി മെറ്റല്‍സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വര്‍ണം കൊണ്ടുപോയ കാറിന്റെ പിന്നില്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘമാണ് സിആര്‍ജി മെറ്റല്‍സ് കമ്പനിയുടെ മുന്നിലെത്തിയപ്പോള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണവുമായി കടന്നു കളഞ്ഞത്. ആക്രമണത്തില്‍ കാറിന്റെ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റു.
കവര്‍ച്ചക്ക് പിന്നില്‍ സ്വര്‍ണം എത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണെന്നാണ് പൊലീസ് പറയുന്നത്. ജീവനക്കാരുടെ അറിവില്ലാതെ കമ്പനിയുടെ മുന്നില്‍ വെച്ച് കവര്‍ച്ച നടക്കില്ലെന്നും പൊലീസ് സംശയിക്കുന്നു.
ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. സ്വര്‍ണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Leave a Reply