തോമസ് ചാണ്ടിക്ക് സര്‍ക്കാരിന്റെ തുണ: ലേക് പാലസ് റിസോര്‍ട്ട് പിഴത്തുക വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം

തോമസ് ചാണ്ടിക്ക് സര്‍ക്കാരിന്റെ തുണ: ലേക് പാലസ് റിസോര്‍ട്ട് പിഴത്തുക വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. തോമസ് ചാണ്ടിയുടെ കെട്ടിടങ്ങള്‍ക്ക് ഒരു കോടിയിലേറെ പിഴ ചുമത്തിയ നഗരസഭയുടെ തീരുമാനമാണ് സര്‍ക്കാര്‍ തള്ളിയത്.

അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പിഴ വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നഗരസഭ നിര്‍ദേശിച്ച ഒരു കോടി 17 ലക്ഷം പിഴക്ക് പകരം 34 ലക്ഷം പിഴയടക്കാനാണ് സര്‍ക്കാറിന്റെ നിര്‍ദേശം.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടത്തിയ അനധികൃത നിര്‍മാണം പിഴ ഈടാക്കി ക്രമവത്കരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ആലപ്പുഴ നഗരസഭ ആദ്യം 2.76 കോടി രൂപ പിഴ ചുമത്താന്‍ തീരുമാനിച്ചുവെങ്കിലും പിന്നീട് അത് 1.17 കോടി രൂപയാക്കി കുറച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും സംസ്ഥാന സര്‍ക്കാര്‍ പിഴത്തുക 34 ലക്ഷമായി കുറച്ച് ഉത്തരവിറക്കുകയുമായിരുന്നു.

എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ആകില്ലെന്നും ഇത് നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു. അതേസമയം സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായ നിലപാട് ആയിരുന്നു നഗരസഭ സെക്രട്ടറി സ്വീകരിച്ചത്. സെക്രട്ടറിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment