എം.ബി.ബി.എസ് പരീക്ഷയെഴുതിയ 42 വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി: മൂല്യനിര്‍ണയത്തില്‍ പിഴവെന്ന് പരാതി

എം.ബി.ബി.എസ് പരീക്ഷയെഴുതിയ 42 വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി: മൂല്യനിര്‍ണയത്തില്‍ പിഴവെന്ന് പരാതി

തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ പരീക്ഷയെഴുതിയ 42 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കും കൂട്ടത്തോല്‍വി. മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടെന്നും ചില വിദ്യാര്‍ഥികളെ മനപ്പൂര്‍വം തോല്‍പ്പിച്ചെന്നും ആക്ഷേപമുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 22 വിദ്യാര്‍ഥികള്‍ മെഡിസിന്‍ പ്രാക്ടിക്കല്‍ പരീക്ഷക്കും തൃശൂര്‍ മെഡിക്കല്‍ കോളജിലെ 20വിദ്യാര്‍ഥികള്‍ ശിശുരോഗ വിഭാഗത്തിലെ പരീക്ഷക്കുമാണ് തോറ്റത്. 2014 ബാച്ചിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് തോറ്റത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന ഒരു ഡോക്ടറെ മാറ്റാന്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടറെ മാറ്റുകയും ചെയ്തു. ഈ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ തോറ്റത് എന്നതാണ് ആക്ഷേപം.

ഇതുസംബന്ധിച്ച് തോറ്റ വിദ്യാര്‍ഥികള്‍ പറയുന്നത് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളില്‍ അനുകൂലമായ നിലപാട് ഉണ്ടാകാറില്ലെന്നും എപ്പോഴും ഫാക്വല്‍റ്റികള്‍ക്ക് അനുകൂല നിലപാടാണ് ഉണ്ടാകുന്നതെന്നുമാണ്. കൂട്ടത്തോല്‍വിയുടെ പശ്ചാത്തലത്തില്‍ വിവരാവകാശ നിയമപ്രകാരം വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റുകള്‍ എടുത്ത് പരിശോധിച്ചിരുന്നു.

അവയില്‍ ചില വിഭാഗങ്ങളില്‍ മാര്‍ക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നും ചിലത് വെട്ടിത്തിരുത്തിയിട്ടുണ്ടെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇത് അധ്യാപകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും മനപ്പൂര്‍വമായ പിശകുകളുമാണെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം.

വിദ്യാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യ സര്‍വകലാശാലക്ക് പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പരാതിയില്‍ പരിശോധന നടത്തിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply