മുഖ്യമന്ത്രി പോലീസ് വകുപ്പിൽ മാത്രമല്ല, കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് എന്ന നിലയിലും ഒരു പരാജയമാണ്

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത അലനും താഹയും സി.പി.എം അല്ലെന്ന മുഖ്യമന്ത്രി പിണറയി വിജയന്റെ പ്രസ്താവനയ്ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍‌ രംഗത്ത്. പിണറായി വിജയന്‍ പാര്‍ട്ടിയ്ക്കും മുകളിലാണോ എന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി അംഗമായ ഒരാളെ പോലീസ് ‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചുഅറസ്റ്റ് ചെയ്താല്‍ പാര്‍ട്ടിക്കാര്‍ ആര് പറയുന്നതാണ് വിശ്വസിക്കുകയെന്നും ചോദിച്ചു.

അംഗത്തേക്കാള്‍ പോലീസിനെ വിശ്വസിക്കാനുള്ള മണ്ടത്തരം ഒരു പാര്‍ട്ടി ഘടകവും കാണിക്കില്ല. കോഴിക്കോട്ടെ സി.പി.എം ജില്ലാ സെക്രട്ടറി നേരില്‍ അലനെ പോയി കണ്ടു, സംസാരിച്ചു, കള്ളക്കേസ് ആണെന്ന് ബോധ്യപ്പെട്ടു, നിയമസഹായം ഏര്‍പ്പാടാക്കി, ആ അംഗത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിച്ചു. പാര്‍ട്ടിയിലെ സമുന്നത നേതാക്കള്‍ വീട്ടുകാരെ വിളിച്ചു ഐകദാര്‍ഢ്യം പറഞ്ഞു. UAPA എന്ന കരിനിയമത്തിനെതിരെ CPIM എടുത്ത നിലപാട് ഊട്ടി ഉറപ്പിക്കുന്നതാണ് കോഴിക്കോട് സംഭവം.

‘പാര്‍ട്ടിക്കാരല്ല, മാവോയിസ്റ്റുകളാണ് എന്നു തെളിഞ്ഞു കഴിഞ്ഞല്ലോ’ എന്നു പരസ്യമായി പറയാന്‍ പിണറായി വിജയന് കഴിയുന്നുണ്ടെങ്കില്‍ അത് നിലവില്‍ പിണറായി വിജയന്‍ ഈ പാര്‍ട്ടി ഉണ്ടാക്കിയ എല്ലാ സിസ്റ്റങ്ങള്‍ക്കും മുകളില്‍ ആയതുകൊണ്ട് മാത്രമാണെന്നും ഹരീഷ് പറഞ്ഞു.

പോലീസ് വകുപ്പില്‍ പിണറായി വിജയന്‍ ഒരു പരാജയം ആണെന്ന് മാത്രമല്ല, കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ് എന്നാണ് നിങ്ങള്‍ പരസ്യമായി പറയുന്നത്. നിങ്ങള്‍ക്ക് അക്കൗണ്ടബിലിറ്റി വേണ്ടത് നിങ്ങളെ നിങ്ങളാക്കിയ ജനങ്ങളോടും പാര്‍ട്ടിയോടും മുന്നണിയോടും ആണ്. പൊലീസുകാരോട് അല്ല. ആ പോലീസ് വിധേയത്വം ഏത് കാരണത്താല്‍ ആണെങ്കിലും, അത് ജനാധിപത്യത്തില്‍ അപകടകരമായ കീഴ്വഴക്കമാണെന്നും ഹരീഷ് ഓര്‍മ്മിപ്പിക്കുന്നു.

ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പിണറായി വിജയന്‍ പാര്‍ട്ടിയ്ക്കും മുകളിലോ?

CPIM അംഗമായ ഒരാളെ പോലീസ് ‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചുഅറസ്റ്റ് ചെയ്താല്‍ പാര്‍ട്ടിക്കാര്‍ ആര് പറയുന്നതാണ് വിശ്വസിക്കുക? പാര്‍ട്ടി അംഗമോ പൊലീസോ? അംഗത്തേക്കാള്‍ പോലീസിനെ വിശ്വസിക്കാനുള്ള മണ്ടത്തരം ഒരു പാര്‍ട്ടി ഘടകവും കാണിക്കില്ല. പോലീസിന്റെ വര്‍ഗ്ഗ സ്വഭാവത്തെപ്പറ്റി നല്ല ധാരണയുള്ളവരാണ് ഓരോ CPIM പാര്‍ട്ടി അംഗവും.

കോഴിക്കോട് രണ്ട് ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ്. അവര്‍ മാവോയിസ്റ്റുകള്‍ ആണെന്ന് പൊലീസിന് പോലും ഒരു കേസില്ല !! മാവോയിസ്റ്റ്കാരനായ മൂന്നാമനെ, ഉസ്മാനെ ഇവര്‍ക്ക് അറിയാം, ഇവരുടെ കയ്യില്‍ നിന്ന് ലഘുലേഖ പിടിച്ചെടുത്തു, മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി എന്നത് മാത്രമാണ് പോലീസിന്റെയും കേസ്. കോഴിക്കോട്ടെ CPIM ജില്ലാ സെക്രട്ടറി നേരില്‍ അലനെ പോയി കണ്ടു, സംസാരിച്ചു, കള്ളക്കേസ് ആണെന്ന് ബോധ്യപ്പെട്ടു, നിയമസഹായം ഏര്‍പ്പാടാക്കി, ആ അംഗത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിച്ചു. പാര്‍ട്ടിയിലെ സമുന്നത നേതാക്കള്‍ വീട്ടുകാരെ വിളിച്ചു ഐകദാര്‍ഢ്യം പറഞ്ഞു. UAPA എന്ന കരിനിയമത്തിനെതിരെ CPIM എടുത്ത നിലപാട് ഊട്ടി ഉറപ്പിക്കുന്നതാണ് കോഴിക്കോട് സംഭവം.

എനിക്കീ കേസിലെ അലനെ നേരിട്ടറിയാം. അലന്‍ മാവോയിസ്റ്റ് ആണോ CPIM മെമ്ബറാണോ എന്നു പ്രാഥമികമായി തീരുമാനിക്കേണ്ടത് അലന്‍ അംഗമായ ബ്രാഞ്ച് ആണ്. അലന്‍ മാവോയിസ്റ്റ് ആണെന്നും പുറത്താക്കണമെന്നും ബ്രാഞ്ചിലെ ആര്‍ക്കെങ്കിലും പരാതി ഉണ്ടോ? അത് മുഖവിലയ്ക്ക് എടുക്കാന്‍ ബ്രാഞ്ച് തീരുമാനിച്ചോ? അലന് ബ്രാഞ്ച് കമ്മിറ്റി നോട്ടീസ് നല്‍കിയോ? കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടോ? അലന്റെ വിശദീകരണം കേട്ടോ? വിശദീകരണം തൃപ്തികരമല്ല എന്നു കണ്ടോ? അലനെ പാര്‍ട്ടി ബ്രാഞ്ചില്‍ നിന്ന് പുറത്താക്കിയോ? ഇതുവരെ ഇല്ല എന്നാണറിവ്. താഹയുടെ കാര്യത്തിലും അങ്ങനെ തന്നെയെന്ന് കരുതുന്നു. അതുകൊണ്ടായിരിക്കണമല്ലോ പോളിറ്റ് ബ്യുറോ ഈ കേസിനെപ്പറ്റി പിണറായി വിജയനോട് അന്വേഷിച്ചത്. ആ വാര്‍ത്ത ഇതുവരെ പിണറായി വിജയന്‍ തള്ളിപ്പറഞ്ഞതായി കണ്ടുമില്ല.

അംഗമായ ബ്രാഞ്ചു മുതല്‍ ജില്ലാ കമ്മിറ്റി വരെ പാര്‍ട്ടി അംഗങ്ങളെ വിശ്വസിക്കുമ്ബോള്‍, അവരുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി വിധി പറയുകയാണ് പിണറായി വിജയന്‍. ‘അവര്‍ മാവോയിസ്റ്റുകളാണെന്നു തെളിഞ്ഞു കഴിഞ്ഞല്ലോ. അവര്‍ CPIM പ്രവര്‍ത്തകരല്ല’ എന്ന് !!

എപ്പോ ആര് തെളിയിച്ചെന്ന് !! എവിടെ തെളിയിച്ചെന്ന് !! എങ്ങനെ തെളിയിച്ചെന്ന് !!

പോലീസ് വന്നു മുഖ്യമന്ത്രിയുടെ ചെവിയില്‍ പറഞ്ഞു കാണും, അവര്‍ മാവോയിസ്റ്റുകളാണ് എന്ന്. തെളിവും കൊടുത്തു കാണും. എന്നാല്‍ പക്ഷെ ആ തെളിവൊന്നും പോലീസ് കോടതിയില്‍ പോലും കൊടുത്തിട്ടില്ല !!
കാരണം ജാമ്യപേക്ഷ പരിഗണിക്കവേ, ‘ഇവര്‍ പ്രഥമദൃഷ്ട്യ കുറ്റക്കാര്‍ ആണെന്നതിനു തെളിവുണ്ട്’ എന്നു സാധാരണ UAPA കേസുകളില്‍ പറയുന്ന കോടതി ഈ കേസില്‍ അങ്ങനെ പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ‘പ്രഥമദൃഷ്‌ട്യാ അന്വേഷണം തുടരാനുള്ള തെളിവുണ്ട്. ഫോണ്‍ തെളിവുകള്‍ പരിശോധിക്കപെടുന്നേയുള്ളൂ. അതുകൊണ്ട് ഈ സ്റ്റേജില്‍ ജാമ്യം നല്‍കാനാവില്ല’ എന്നാണ് പറഞ്ഞത്. നിയമത്തിന്റെ കണ്ണില്‍ ഇത് രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണ് എന്നു പറഞ്ഞാല്‍പ്പോലും മാവോയിസ്റ്റാണെന്നു അര്‍ത്ഥമില്ല. അങ്ങനെ പോലും തെളിയിക്കാന്‍ പൊലീസിന് പോലും പറ്റാത്ത കേസിലാണ് പിണറായി വിജയന് ‘അതെല്ലാം തെളിഞ്ഞു കഴിഞ്ഞല്ലോ’ എന്നു വിധി പറയാന്‍ തോന്നുന്നത്… !!

പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും കൂടെ നില്‍ക്കുന്ന പാര്‍ട്ടി അംഗങ്ങളെ, തെളിവിന്റെയോ സാമാന്യനീതിയുടെയോ ഒരു കണിക പോലും കൂടാതെ, ‘പാര്‍ട്ടിക്കാരല്ല, മാവോയിസ്റ്റുകളാണ് എന്നു തെളിഞ്ഞു കഴിഞ്ഞല്ലോ’ എന്നു പരസ്യമായി പറയാന്‍ പിണറായി വിജയന് കഴിയുന്നുണ്ടെങ്കില്‍ അത് നിലവില്‍ പിണറായി വിജയന്‍ ഈ പാര്‍ട്ടി ഉണ്ടാക്കിയ എല്ലാ സിസ്റ്റങ്ങള്‍ക്കും മുകളില്‍ ആയതുകൊണ്ട് മാത്രമാണ്. അംഗങ്ങളുടെ തെറ്റും ശരിയും അന്വേഷണങ്ങളിലൂടെ കണ്ടെത്തി തിരുത്തുന്ന പാര്‍ട്ടിയുടെ ആ സിസ്റ്റത്തോട് ലവലേശം ബഹുമാനം ഇല്ലാത്തത് കൊണ്ടാണ്.. അല്ലെങ്കില്‍, താന്‍ വളര്‍ന്നുവന്ന പാര്‍ട്ടി സിസ്റ്റത്തേക്കാള്‍ ഏറെ പിണറായി വിജയന് ഇപ്പോള്‍ വിശ്വാസം ഇന്നലെക്കണ്ട പോലീസിന്റെ സിസ്റ്റത്തെ ആയതുകൊണ്ടാണ്. അല്ലാതെന്താണ്??

പ്രിയ മുഖ്യമന്ത്രി, നിങ്ങള്‍ പോലീസ് വകുപ്പിലൊരു പരാജയമാണ് എന്നു മാത്രമല്ല, കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ് എന്നാണ് നിങ്ങള്‍ പരസ്യമായി പറയുന്നത്. നിങ്ങള്‍ക്ക് അക്കൗണ്ടബിലിറ്റി വേണ്ടത് നിങ്ങളെ നിങ്ങളാക്കിയ ജനങ്ങളോടും പാര്‍ട്ടിയോടും മുന്നണിയോടും ആണ്.
പൊലീസുകാരോട് അല്ല. ആ പോലീസ് വിധേയത്വം ഏത് കാരണത്താല്‍ ആണെങ്കിലും, അത് ജനാധിപത്യത്തില്‍ അപകടകരമായ കീഴ്വഴക്കമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*