ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നയാള്‍ പിടിയില്‍

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നയാള്‍ പിടിയില്‍

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നയാള്‍ പിടിയില്‍. നിശാപാര്‍ട്ടികള്‍ക്ക് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് അതിമാരകമായ ലഹരിമരുന്നുകളുമായി പിടിയിലായത്.

കോട്ടയം ഈരാറ്റുപേട്ട, തടയ്ക്കല്‍ ദേശത്ത് പള്ളിത്താഴ വീട്ടില്‍, കുരുവി അഷ്‌റു എന്ന് വിളിക്കുന്ന സക്കീര്‍ (33) എന്നയാളെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റലിയിലെടുത്ത്. രണ്ട് കിലോ ഗ്രാം ഹാഷിഷ് ഓയില്‍, 95 എണ്ണം അല്‍പ്രാസോളം മയക്ക് മരുന്ന് ഗുളികകള്‍, 35 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

അഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും, ഉന്‍മാദ അവസ്ഥയില്‍ ആയിരിക്കുന്നതിനും വേണ്ടിയാണ് ഇയാള്‍ മയക്ക് മരുന്ന് വിപണനം നടത്തിയിരുന്നതെന്ന് ഇന്‍സ്പക്ടര്‍ ടി.കെ ഗോപി അറിയിച്ചു. ഗ്രീന്‍ ലേബല്‍ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. അന്താരാഷ്ട വിപണിയില്‍ ഇതിന് രണ്ട് കോടിയില്‍പരം രൂപ വിലമതിക്കും. ഹിമാചല്‍ പ്രദേശിലെ കുളു-മണാലി എന്നിവിടങ്ങളില്‍ നിന്ന് ഏജന്റുമാര്‍ വഴിയാണ് ഇയാള്‍ ഹാഷിഷ് ഓയില്‍ കേരളത്തില്‍ എത്തിക്കുന്നത്.

ഈരാറ്റുപേട്ട സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ ആലുവ കുട്ടമശ്ശേരിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പെരുമ്പാവൂര്‍, വല്ലം കൊച്ചങ്ങാടി എന്ന സ്ഥലത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഇയാള്‍ ഇത് മറയാക്കി വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന നടത്തി വരുകയായിരുന്നു.

ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയുമധികം അല്‍പ്രോസോളം മയക്ക് മരുന്ന് ഗുളികകള്‍ കണ്ടെടുക്കുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോതറാപ്പി ചെയ്യുന്നതിനും, അമിതമായ ഉത്കണ്ഠ- ഭയം എന്നിവ ഉള്ളവര്‍ക്ക് നല്‍കുന്നതുമായ അതി മാരകമായ മയക്ക് മരുന്നാണ് അല്‍പ്രസോളം. ഈ മയക്ക് മരുന്നിന്റെ അളവും, ഉപയോഗ ക്രമവും പാളിയാല്‍ കഴുത്തിന് കീഴ്‌പോട്ട് തളര്‍ന്ന് പോകുവാനും ഒരു പക്ഷേ മരണം വരെ സംഭവിക്കാവുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മരുന്ന് കമ്പനികളുടെ മറവില്‍ ഇത്തരം ഗുളികകള്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഇത്തരം മയക്കുമരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകാര്‍ ദുരുപയോഗം ചെയ്യുന്നതായും പ്രതിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍, അബ്ദുള്‍ കരീം, ഷാഡോ ടീം അംഗങ്ങളായ എന്‍.ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ്, സിയാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജു, നീതു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*