കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സര്‍ക്കാറിന്റെ മിഠായി പദ്ധതി
കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സര്‍ക്കാറിന്റെ മിഠായി പദ്ധതി
കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സര്‍ക്കാറിന്റെ മിഠായി പദ്ധതി.ടൈപ്പ് ഒന്ന് പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയിലായ പെരുമ്പാവൂരിനടുത്തുള്ള കുഞ്ഞ് ഫാത്തിമയുടെ അനുഭവമാണ് ഈ പദ്ധതിയുടെ പ്രേരകമായാത്. മുതിര്‍ന്നവരില്‍ കാണുന്ന ടൈപ്പ് ടു പ്രമേഹത്തേക്കാളും സങ്കീര്‍ണമാണ് കുട്ടികളിലെത്. കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അപകടകരമാകുമെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് പദ്ധതിയുമായി സാമൂഹ്യ സുരക്ഷാ മിഷന്‍ രംഗത്തെത്തിയത്.
ടൈപ്പ് ഒന്ന് പ്രമേഹം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, തുടര്‍ച്ചയായ പഞ്ചസാര നിരീക്ഷണം, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ച് ആധുനിക ചികിത്സയും ആവശ്യമായ ആരോഗ്യ, ചികിത്സാ, ഭക്ഷണ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന സമഗ്ര പദ്ധതിയാണ് മിഠായി. കാലങ്ങളായി കുട്ടികള്‍ ഉപയോഗിച്ചിരുന്നത് കുപ്പികളില്‍ വരുന്ന വയല്‍ ഇന്‍സുലിന്‍ ആയിരുന്നു. സിറിഞ്ചും സൂചിയും ഉപയോഗിച്ച് എടുക്കേണ്ട ഇത് ഐസ് ബോക്‌സിലോ തെര്‍മോ ഫഌസ്‌കിലോ വേണം സൂക്ഷിക്കാന്‍.
സ്‌കൂളില്‍ പോകുന്നവര്‍ക്ക് ഇത് പ്രയാസമാണ്. മാത്രമല്ല ഇന്‍ജക്ഷന്‍ എടുത്ത് 30- 35 മിനുട്ടിന് ശേഷമേ ആഹാരം കഴിക്കാവൂ. ഇത് ഒരുപാട് സമയനഷ്ടത്തിന് കാരണമാകും.ശരീരത്തിന്റെ ഗ്ലൂക്കോസ് നില അറിയുന്നതിന് പ്രമേഹത്തിന്റെ തീവ്രത കുടുന്തോറും 20- 25 തവണ വരെ കുഞ്ഞുങ്ങളുടെ കൈ വിരലുകളില്‍ സൂചി കുത്തിയിറക്കേണ്ടിയിരുന്നു. മിഠായി പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ബട്ടണ്‍ വലുപ്പത്തിലുള്ള സി ജി എം സെന്‍സര്‍ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ദിവസങ്ങളോളം തുടര്‍ച്ചയായി വേദനയോ രക്ത നഷ്ടമോ ഇല്ലാതെ റീഡറിലൂടെ തത്സമയ ഗ്ലൂക്കോസ്‌നില അറിയുവാന്‍ കഴിയും. ഉപയോഗ ശേഷം റീഡറില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം തുടര്‍ ചികിത്സ ക്രമീകരിക്കുവാനും കഴിയും.
ഇന്‍സുലിന്‍ ഇന്‍ജക്ഷനിലൂടെ ചികിത്സ ദുഷ്‌കരമാണെന്ന് കാണുകയാണെങ്കില്‍ മിഠായി പദ്ധതിയിലൂടെ ഇന്‍സുലിന്‍ പമ്പിനായി പരിഗണിക്കും. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ടൈപ്പ് ഒന്ന് ഡയബറ്റിക് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടറെ കൂടാതെ പീഡിയാട്രിക് നഴ്‌സിംഗ് കഴിഞ്ഞ എം എസ് സി നഴ്‌സിന്റെയും ഡയറ്റീഷ്യന്റെയും സേവനം ലഭ്യമാണ്.
ടൈപ്പ് ഒന്ന് ഡയബറ്റിക് ബാധിതരായ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ച് താമസിപ്പിച്ച് വിദഗ്‌ധോപദേശവും രോഗ പരിചരണ പരിശീലനവും നല്‍കുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പുകളും നടത്തും. കേരളത്തിലെ മുഴുവന്‍ ടൈപ്പ് ഒന്ന് ഡയബറ്റിക് കുട്ടികളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്താവുന്ന http://www.mittayi.org/ വെബ്‌സൈറ്റും പ്രവര്‍ത്തിക്കും. 18001201001 എന്ന നമ്പറിലൂടെയും രജിസ്‌ട്രേഷന്‍ നടത്താം. ഇതുവരെ 906 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 400 പേര്‍ക്കും ബാക്കിയുള്ളവര്‍ക്ക് മൂന്ന് മാസത്തിനുള്ളിലും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. മന്ത്രി കെ കെ ഷൈലജ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളജുകളിലെ ടൈപ്പ് ഒന്ന് സെന്ററുകളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
Leave a Reply