ഹെൽമെറ്റ് വേട്ട ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ഗതാഗതനിയമം ലംഘിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. നിയമലംഘനം കണ്ടെത്താൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. 2012ലെ ഡിജിപിയുടെ സർക്കുലർ കടലാസിൽ ഒതുങ്ങിയെന്നും കോടതി വിമർശിച്ചു.
സിഗ്നൽ നവീകരണം വേണമെന്നും ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനു നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഹെൽമറ്റ് വേട്ട വേണ്ടെന്ന കോടതിയുടെ നിർദേശം.
അതേസമയം ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കി എത്രയും വേഗം സർക്കുലർ ഇറക്കണമെന്നും ഇക്കാര്യം വ്യക്തമാക്കി പത്രങ്ങളിലും ചാനലുകളിലും തിയറ്ററുകളിലും പരസ്യം നൽകുന്ന കാര്യം പരിഗണിക്കണമെന്നും സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
Leave a Reply