പ്രളയബാധിതരായ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനൊരുങ്ങി പ്രമുഖ വാഹനനിർമ്മാതാക്കൾ

ന്യൂഡല്‍ഹി: കനത്ത പ്രളയത്തില്‍ മുങ്ങിയ തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. കേരളം, കര്‍ണ്ണാടകയുടെ വടക്കന്‍ മേഖലകള്‍, മഹാരാഷ്ട്രയുടെ തെക്കന്‍ മേഖലകള്‍ എന്നീ പ്രളയബാധിത മേഖലകളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം. സര്‍വീസുകള്‍ക്ക് ലേബര്‍ചാര്‍ജ്ജ് ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് 30% ഡിസ്‌കൗണ്ടും അനുവദിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂടാതെ ദുരിതബാധിത മേഖലകളിലെ ഹീറോ മോട്ടോ കോര്‍പ്പിന്റെ എല്ലാ ഡീസലര്‍ഷിപ്പുകളിലും അംഗീകൃത സര്‍വീസ് സെന്ററുകളിലും ഈ ആനുകൂല്യം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. സെപ്തംബര്‍ 10 വരെ മാത്രമാണ് ഈ ആനുകൂല്യം. ഉത്തരവാദിത്തമുള്ള കോര്‍പ്പറേറ്റ് സ്ഥാപനം എന്ന നിലയില്‍ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത് വരികയാണെന്നും ഹീറോ മോട്ടോകോര്‍പ്പ് എന്നും ഈ മേഖലകളിലെ പുനരധിവാസ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരുമെന്നും കമ്പനി പറഞ്ഞു.

തടസരഹിതമായ ഗതാഗത സൗകര്യം ഉറപ്പുവരുത്താനും, പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പുനരധിവാസപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഹീറോ മോട്ടോകോര്‍പ്പ് ഉത്പന്നങ്ങളുടെ എല്ലാ ഉടമകള്‍ക്കും പിന്തുണ നല്‍കിക്കൊണ്ട്, പ്രളയബാധിത മേഖലകളിലെ വാഹനങ്ങളുടെ ചെക്ക് അപ്പിനും അറ്റകുറ്റപ്പണിക്കും കമ്പനി ചാര്‍ജ് ഈടാക്കുന്നതല്ല. കൂടാതെ, വാഹനത്തിന് പരമാവധി പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന യഥാര്‍ഥ ഹീറോ സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് 30% ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*