നയന്‍താരയുടെ അമ്മാവനാകാനും റെഡി; സംവിധായകനോട് അഭ്യര്‍ഥിച്ച് ഹോളിവുഡ് നടന്‍

നയന്‍താരയുടെ അമ്മാവനാകാനും റെഡി; സംവിധായകനോട് അഭ്യര്‍ഥിച്ച് ഹോളിവുഡ് നടന്‍

സിനിമകളില്‍ അവസരം ചോദിച്ചുവരുന്നത് സ്വഭാവികമാണ്. അത് സിനിമയോടുള്ള അടങ്ങാത്ത മോഹമായിരിക്കാം. പുതുമുഖങ്ങള്‍ അല്ലെങ്കില്‍ യുവനടീനടന്മാരൊക്കെയായിരിക്കും കൂടുതലായും അവസരങ്ങള്‍ ചോദിക്കുന്നവര്‍. എന്നാല്‍ ഇവിടെ കൗതുക നിറഞ്ഞ സംഭവം ഉണ്ടായിരിക്കുകയാണ്.

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനിക്കൊപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ച് എത്തിയിരിക്കുന്നത് ഒരു ഹോളിവുഡ് നടനാണ്. രജനീകാന്ത് ചിത്രത്തില്‍ അവസരം ചോദിച്ച് ഹോളിവുഡ് നടന്‍ ബില്‍ ഡ്യൂക്ക്. എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ സിനിമയില്‍ തനിക്കും ഒരുവേഷം നല്‍കണമെന്ന അഭ്യര്‍ഥനയുമായാണ് താരം എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു താരം മുരുഗദോസിനോട് അഭ്യര്‍ത്ഥിച്ചത്.

‘എ.ആര്‍. മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ കഴിയും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാതാരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ കഴിയും.

നിങ്ങള്‍ എന്ത് പറയുന്നു?’- ബില്‍ ഡ്യൂക്ക് ചോദിച്ചു. ബില്‍ ട്യൂക്കിന്റെ ട്വീറ്റ് കണ്ട് മുരുഗദോസും അമ്പരുന്നു. ‘സര്‍, ഇത് താങ്കള്‍ തന്നെയാണോ’ എന്നായിരുന്നു ട്വീറ്റിന് മുരുഗദോസിന്റെ മറുപടി. ട്വിറ്റര്‍ ആരെങ്കിലും ഹാക്ക് ചെയ്ത് പണി ഒപ്പിച്ചതാണോ എന്നായിരുന്നു സംവിധായകന്റെ സംശയം. എന്നാല്‍ ഇതു തന്റെ യഥാര്‍ഥ അക്കൗണ്ട് ആണെന്നും മുരുഗദോസിന്റെ സിനിമകളുടെ ആരാധകനാണെന്നും ബില്‍ ട്വീറ്റ് ചെയ്തു.

തനിക്ക് 76 വയസ്സായെന്നും നിക്കൊളാസ് കേജ് നായകനായി എത്തിയ മാന്‍ഡിയിലാണ് അവസാനം അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ പ്രധാനവേഷത്തില്‍ എത്തിയ കമാന്റോ, പ്രെഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബില്‍ ഡ്യൂക്ക്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ഛായാഗ്രഹണം സന്തോഷ് ശിവന്‍. നിര്‍മാണം ലൈക പ്രൊഡക്ഷന്‍സ്. നയന്‍താരയാണ് നായിക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment