വൃദ്ധയായ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മകനെ ഹോംനേഴ്സ് കുത്തിക്കൊന്നു; സംഭവം കൊച്ചിയില്‍

വൃദ്ധയായ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മകനെ ഹോംനേഴ്സ് കുത്തിക്കൊന്നു. എറണാകുളം പാലാരിവട്ടത്ത് തിങ്കളാഴ്ച രാത്രി 12 ഓടെയാണ് സംഭവം.

പല്ലിശേരി റോഡില്‍ കൊല്ലാപറമ്ബില്‍ വീട്ടില്‍ തോബിയാസ് (34) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഹോംനേഴ്സ് തൃശൂര്‍ തലപ്പിള്ളി ഇളനാട് കുറ്റിപ്പുറത്തുവീട്ടില്‍ ലോറന്‍സിനെ (52) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

കറിക്കത്തി ഉപയോഗിച്ചാണ് ലോറന്‍സ് തോബിയാസിനെ കുത്തിയത്. പുറത്തും വലത് ഭാഗത്ത് നെഞ്ചിന് താഴെയും ആഴത്തില്‍ അഞ്ചിലധികം കുത്തേറ്റിട്ടുണ്ട്.

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ തോബിയാസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്‌ബോള്‍ ചോര വാര്‍ന്നുപോയ നിലയിലായിരുന്നു. അടിയന്തര ചികിത്സ നല്‍കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം.

തോബിയാസിന്റെ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവരെ ശുശ്രൂഷിക്കാനാണ് ഹോം നഴ്‌സായ ലോറന്‍സിനെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ഒരുവര്‍ഷമായി ലോറന്‍സ് ഇവിടെ ജോലിചെയ്ത് വരികയാണ്. തോബിയാസ് ലഹരിക്ക് അടിമയാണെന്നും സ്ഥിരമായി അമ്മയെയും ഹോംനഴ്സിനെയും ഉപദ്രവിക്കാറുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

ലഹരിയില്‍ പലപ്പോഴും ഇയാള്‍ വീട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏല്‍പ്പെട്ടിരുന്നു. കൃത്യം നടന്ന ദിവസവും തൊബിയാസ് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കി. ശേഷം 72 വയസ്സുകാരിയായ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടയാനെത്തിയ ലോറന്‍സുമായി പിടിവലിയുണ്ടാകുകയും തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു.

പാലാരിവട്ടം എസ്ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തോബിയാസ് അവിവാഹിതനാണ്. അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply