യോഗി വരാതെ മൃതദേഹം സംസ്‌കരിക്കില്ല; പ്രതിഷേധവുമായി യുവതിയുടെ കുടുംബം

ലഖ്‌നൗ: ഉന്നാവില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ തീവെച്ച്‌ കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍.

ഉന്നാവ് സംഭവത്തില്‍ മുഖ്യമന്ത്രി കര്‍ശനമായ നടപടി പ്രഖ്യാപിക്കണമെന്നും തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പ്രതികരിച്ചു. മുഖ്യമന്ത്രി വരുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവര്‍ പറഞ്ഞു.

മകളെ ഇല്ലാതാക്കിയവരെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു യുവതിയുടെ പിതാവിന്റെ പ്രതികരണം. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെയാണ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വന്‍സുരക്ഷാ അകമ്പടിയോടെ ഉന്നാവിലെ വസതിയിലെത്തിച്ചത്. 90 ശതമാനവും പൊള്ളലേറ്റതിനാല്‍ മൃതദേഹം ദഹിപ്പിക്കാതെ മറവുചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം.

യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാനും വീട് നിര്‍മിച്ചുനല്‍കാനും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply