അനധികൃത പാര്‍ക്കിങിന് ഇനി ഇവിടെ ഭീമന്‍ തുക പിഴ നല്‍കേണ്ടി വരും!

അനധികൃത പാര്‍ക്കിങിന് ഇനി ഇവിടെ ഭീമന്‍ തുക പിഴ നല്‍കേണ്ടി വരും!

മുംബൈ: നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും ഭീമന്‍ തുക ഈടാക്കാന്‍ മുംബൈ നഗരസഭ.

തീരുമാനം ഇന്നുമുതല്‍ നിലവില്‍ വന്നു. 5,000 രൂപ മുതല്‍ 23,000 രൂപ വരെ പിഴ ഈടാക്കനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍, ബദല്‍ പാര്‍ക്കിങ് സൗകര്യമുള്ള പ്രദേശങ്ങളിലായിരിക്കും ഉത്തരവ് നടപ്പാക്കുക.

ഘട്ടംഘട്ടമായി ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. നിര്‍ത്തിയിട്ട വാഹനത്തിന്റെ മൂല്യവും സ്ഥലത്തിന്റെ വാണിജ്യപ്രാധാന്യവും കണക്കിലെടുത്താവും പിഴ സംഖ്യ തീരുമാനിക്കുക.

പിഴയടയ്ക്കാന്‍ വൈകിയാല്‍ തുക വീണ്ടും ഉയരും. വലിയ വാഹനങ്ങളാണെങ്കില്‍ അത് 15,000 രൂപ മുതല്‍ 23,000 രൂപ വരെയായി ഉയരും. നഗരത്തിലെ 26 അംഗീകൃത പാര്‍ക്കിങ് സ്ഥലങ്ങളുടെയും 20 ബെസ്റ്റ് ഡിപ്പോകളുടെയും 500 മീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ വര്‍ധിച്ച പിഴ ഏര്‍പ്പെടുത്തുക.

അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവരില്‍നിന്ന് പിഴയും അത് കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനുള്ള കൂലിയും ഈടാക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇത് 5,000 രൂപ മുതല്‍ 8,300 രൂപ വരെ വരും.

ഇത്രയും വലിയ തുക ഈടാക്കുന്നത് എതിര്‍പ്പിന് കാരണമാകുമെന്നതിനാല്‍ ട്രാഫിക് പോലീസിനെ സഹായിക്കാന്‍ വിരമിച്ച സൈനികരെയും സ്വകാര്യ സുരക്ഷാ ഭടന്‍മാരെയും നിയോഗിക്കാനുമാണ് തീരുമാനം.



അനധികൃത പാര്‍ക്കിങ് പാടില്ലെന്ന് കാണിച്ചും പുതിയ പിഴ നിരക്കുകള്‍ കാണിച്ചും നഗരസഭ വിവിധയിടങ്ങളില്‍ നോട്ടീസുകള്‍ പതിച്ചുകഴിഞ്ഞു.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളില്‍ ഒന്നായ മുംബൈയിലെ കാല്‍നട യാത്രക്കാരുടെയും വാഹന ഡ്രൈവര്‍മാരുടെയും സൗകര്യം മുന്‍നിര്‍ത്തിയാണ് കര്‍ശന നടപടിയെടുക്കുന്നതെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply