‘ഇത് ക്രിക്കറ്റാണ് അല്ലാതെ യുദ്ധമല്ല, സമാധാനത്തോടെ കാണണം’; ആരാധകരോട് അഭ്യര്‍ഥിച്ച് മുന്‍ പാക് താരം

‘ഇത് ക്രിക്കറ്റാണ് അല്ലാതെ യുദ്ധമല്ല, സമാധാനത്തോടെ കാണണം’; ആരാധകരോട് അഭ്യര്‍ഥിച്ച് മുന്‍ പാക് താരം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഞായറാഴ്ച നടക്കാനിരിക്കുകയാണ്. മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് പ്രേമികളോട് അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് ക്രിക്കറ്ററും ഇതിഹാസ താരവുമായ വസീം അക്രം.

സമാധാനപരമായി മത്സരത്തെ കാണണമെന്നും ഈ മത്സരത്തെ യുദ്ധമായി കാണുന്നവര്‍ യഥാര്‍ഥത്തില്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഓള്‍ഡ് ട്രാഫോഡിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കേണ്ടെന്ന അഭിപ്രായമായിരുന്നു ഇന്ത്യയില്‍ നിന്നും കൂടുതലായും ഉയര്‍ന്നുവന്നിരുന്നത്. ‘കോടിക്കണക്കിനാളുകളുടെ മുന്‍പില്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ കളിക്കുന്നത് ക്രിക്കറ്റില്‍ വലിയ കാര്യമാണ്.

അതുകൊണ്ട് ഇരു ഫാന്‍സിനോടും എനിക്കു പറയാനുള്ളത്, സമാധാനത്തോടെ മത്സരം ആസ്വദിക്കുക എന്നതാണ്. ഒരു ടീം ജയിക്കും, ഒരു ടീം തോല്‍ക്കും. അതുകൊണ്ട് ഇതൊരു യുദ്ധമായി കാണരുത്.’- അക്രം പറഞ്ഞു.

1992 മുതലിങ്ങോട്ട് ആറ് ലോകകപ്പുകളില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടും പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്താനായിട്ടില്ല. എന്നാല്‍ ആ സ്ഥിതിയില്‍ മാറ്റം വരാമെന്നും അക്രം പറഞ്ഞു. നിയന്ത്രിതമായി കളിച്ചാല്‍ അതിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയ ഇന്ത്യക്കു മൂന്നുമത്സരങ്ങളില്‍ നിന്നായി ഇപ്പോള്‍ അഞ്ച് പോയിന്റുണ്ട്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാംമത്സരം മഴയില്‍ നഷ്ടപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*