ആരാധകരെ അദ്ഭുതപ്പെടുത്തി മുംബൈ ഇന്ത്യന്‍സിന്റെ തകര്‍പ്പന്‍ ജയം

ഐ.പി.എല്‍ പന്ത്രണ്ടാം സീസണിന്റെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ രോഹിത് ശര്‍മ്മ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സിന്റെ വിജയം ആരെയും ത്രസിപ്പിക്കുന്നതായിരുന്നു. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അവസാന പന്തില്‍വരെ ആവേശം നിറച്ച മത്സരത്തില്‍ മുംബൈ ഒരു റണ്ണിനു ജയിച്ചു.

ഐപിഎല്‍ സീസണില്‍ മുംബൈയും ചെന്നൈയും നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും മുംബൈ ടീം ജയിച്ചു. നാലു കിരീടങ്ങളുമായി (2013, 2015, 2017, 2019) മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്രോഫി ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ ടീമായി. അഞ്ച് ഐപിഎല്‍ കിരീടം നേടുന്ന ആദ്യ കളിക്കാരനും രോഹിതാണ്. നായകനായി നാലെണ്ണം മുംബൈക്കൊപ്പവും ഒരെണ്ണം ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പവും നേടി. രോഹിതിന്റെ കീഴില്‍ ഫൈനലില്‍ ഇതുവരെ തോറ്റിട്ടില്ല എന്ന റിക്കാര്‍ഡും മുംബൈ സ്വന്തമാക്കി.

ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗയുടെ ഇന്ദ്രജാലം മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ ക്രിക്കറ്റ് കിരീടം സമ്മാനിച്ചു. ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുത്തു. നല്ല തുടക്കം ലഭിച്ച മുംബൈയെ പെട്ടെന്നുള്ള വിക്കറ്റ് വീഴ്ചകള്‍ താളംതെറ്റിച്ചു. എന്നാല്‍ പുറത്താകാതെ നിന്ന കിറോണ്‍ പൊളാര്‍ഡിന്റെ ഇന്നിംഗ്സ് മുംബൈയെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചു. 20 ഓവറില്‍ എട്ട് വിക്കറ്റിന് മുംബൈ നേടിയ 149 റണ്‍സ് അത്ര വലിയ സ്‌കോര്‍ ഒന്നുമായിരുന്നില്ല. മറുപടി ബാറ്റിംഗില്‍ ചെന്നൈ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി മധ്യ ഓവറുകളില്‍ ചെന്നൈയുടെ റണ്‍ ഒഴുക്ക് തടയാന്‍ മുംബൈക്കായി. ഒരറ്റത്ത് ഷെയ്ന്‍ വാട്സണ്‍ പൊരുതി നോക്കിയെങ്കിലും അവസാന ഓവറില്‍ ലസിത് മലിംഗയുടെ കൃത്യതയാര്‍ന്ന പന്തുകള്‍ ചെന്നൈയെ ജയിക്കാന്‍ വേണ്ട റണ്‍സിലെത്തിച്ചില്ല. ആ ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റിന് 148ല്‍ അവസാനിച്ചു.

ഷെയ്ന്‍ വാട്സണ്‍ (59 പന്തില്‍ 80) ഒഴികെ ചെന്നൈ നിരയില്‍ മറ്റൊരാള്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഫാഫ് ഡു പ്ലെസിസ് (26), സുരേഷ് റെയ്ന (8), അമ്ബാട്ടി റായുഡു (1), എം.എസ് ധോണി (2), ഡ്വെയ്ന്‍ ബ്രാവോ (15), ഷാര്‍ദുല്‍ ഠാകൂര്‍ (2) എന്നിവരാണ് ചെന്നൈയുടെ പുറത്തായ മറ്റുതാരങ്ങള്‍. നാല് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു വാട്സണിന്റെ ഇന്നിങ്സ്.

കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ പുറത്താവാതെ 41) ക്വിന്റണ്‍ ഡി കോക്ക് (17 പന്തില്‍ 29 ) എന്നിവരുടെ ഇന്നിങ്‌സാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ക്വിന്റണ്‍ ഡി കോക്ക് (29), രോഹിത് ശര്‍മ (15), സൂര്യകുമാര്‍ യാദവ് (15), ഇശാന്‍ കിഷന്‍ (23), ക്രുനാല്‍ പാണ്ഡ്യ (7), ഹാര്‍ദിക് പാണ്ഡ്യ (16), രാഹുല്‍ ചാഹര്‍ (0), മിച്ചല്‍ മക്ക്ലെനാഘന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ആദ്യ വിക്കറ്റില്‍ ഡി കോക്ക്- രോഹിത് സഖ്യം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കളിയിലെ വഴിത്തിരിവ് ധോണിയുടെ പുറത്താകലെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിരീക്ഷണം. നിര്‍ണായക ഓവറുകളില്‍ ജസ്പ്രീത് ബുമ്രയുടെ ബൗളിങ്ങും പ്രധാനമായി. നാല് ഓവറില്‍ 14 റണ്‍ വഴങ്ങി രണ്ട് വിക്കറ്റെടുത്ത ബുമ്രയാണ് മാന്‍ ഓഫ് ദ മാച്ച്. മലിംഗ നാല് ഓവറില്‍ 49 റണ്‍ വഴങ്ങിയെങ്കിലും വിജയവിക്കറ്റ് നേടി. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനം ഉജ്വലമാണെന്ന് കോച്ച് മഹേല ജയവര്‍ധനെ പറഞ്ഞു. അവസാന ഓവര്‍ പരിചയസമ്പന്നനായ മലിംഗയെ ഏല്‍പ്പിച്ചതും നിര്‍ണായകമായി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*