ജനുവരി 2 എന്ന ദിവസമുണ്ടെങ്കില്‍ ശബരിമലയിലെത്തും : ബിന്ദു അമ്മിണി

കണ്ണൂര്‍: കഴിഞ്ഞ വര്‍ഷം മല ചവിട്ടിയതിന്റെ വാര്‍ഷിക ദിനം കൂടിയായ ജനുവരി 2ന് ശബരിമലയില്‍ വീണ്ടും പോയിരിക്കുമെന്നും ബിന്ദു അമ്മിണി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ പേരില്‍ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടിയാവും ശബരിമലയില്‍ എത്തുക എന്നും ബിന്ദു അമ്മിണി പറഞ്ഞു.

പൊലീസിന്റെ സംരക്ഷണം തേടുമെന്നും പൊലീസ് അനുമതി തരാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അമ്മിണി പറഞ്ഞു. ഇന്നലെ പൊലീസ് കൃത്യമായ ഒരു ഉത്തരം തന്നിട്ടില്ല. ശബരിമലയ്ക്ക് പോകാന്‍ മാല ഇട്ടിട്ടില്ലെങ്കിലും മറ്റ് വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ട്. സ്ത്രീകള്‍ മല ചവിട്ടുന്നത് ഭക്തരോടുള്ള വെല്ലുവിളിയല്ല. സതി നിറുത്തലാക്കിയപ്പോഴും ഇത്തരത്തിലുള്ള വാദം ഉയര്‍ന്നിരുന്നല്ലോ.

ആരാണ് വിശ്വാസി എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇവര്‍ തയ്യാറാകണം. ഞങ്ങളെ എറണാകുളത്ത് തടഞ്ഞതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. യുവതീ പ്രവേശനത്തെ തടയുന്നവരുടെ ഉദ്ദേശ്യം ഇവിടെ കലാപം നടത്തുക എന്നത് മാത്രമാണ്. ശബരിമല അല്ല അവരുടെ വിഷയം.

മന്ത്രി എ.കെ. ബാലനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിരുന്നു. ഞാനും ഈ രാജ്യത്തെ പൗരയാണ്. അങ്ങനെയുള്ള എനിക്ക് എവിടെയും പോകാനുള്ള സ്വാതന്ത്രമില്ലേ. ഞാന്‍ എന്തിനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. ഏറ്റുമാനൂരിലെ ആദിവാസി കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിഷയവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ കാണാന്‍ പോയത്. ശബരിമല വിഷയവും മന്ത്രി ബാലനും തമ്മില്‍ എന്താണ് ബന്ധമെന്ന് എനിക്കറിയില്ലെന്നും ബിന്ദു പറഞ്ഞു. ഒരു മന്ത്രിയുടെ കാല് പിടിച്ച്‌ ശബരിമലയ്ക്ക് പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്ത്രപരമായ നിശബ്ദതയാണ് സി.പി.എം പാലിക്കുന്നത്. പൊലീസിനകത്ത് വലിയ കാവിവത്കരണം നടക്കുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇനിയും ഇത്തരം കലാപങ്ങളും അക്രമങ്ങളും ആവര്‍ത്തിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ബിന്ദു കമ്മിഷണറെ കാണും

കൊച്ചി: ശബരിമല ദര്‍ശനം നടത്താന്‍ ഉറപ്പിച്ച ബിന്ദു അമ്മിണി, പൊലീസ് സുരക്ഷയില്‍ വ്യക്തത തേടി ഇന്ന് സിറ്റി പൊലീസ് കമ്മിഷണറെ കാണും. ഇക്കാര്യം കാട്ടി ഇന്നലെ കത്ത് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ബിന്ദു അമ്മിണി കമ്മിഷണര്‍ ഓഫീസില്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.

മുഖത്തേക്ക് മുളക് സ്‌പ്രേ ചെയ്തയാള്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകളാണെന്ന ബിന്ദുവിന്റെ ആരോപണം പൊലീസ് തള്ളി. സ്ത്രീത്വത്തെ അപമാനിക്കലടക്കമുള്ള വകുപ്പുകളാണ് ഇയള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍, പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയില്ല. ഇതില്‍ പൊലീസിന്റെ ഗൂഢാലോചന സംശയിക്കുന്നതായി ബിന്ദു അമ്മിണി ആരോപിക്കുന്നു. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം തേടി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം കൊച്ചി കമ്മിഷണര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ബിന്ദു അമ്മിണിക്ക് നേരെ മുളകു സ് പ്രേ ആക്രമണം ഉണ്ടായത്. കേസില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനാണ് അറസ്റ്റിലായത്. ഇയാള്‍ റിമാന്‍ഡിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply