കാർട്ടൂൺ വരകളിൽ ജീവൻ തുടിച്ച് ജടായു

കാർട്ടൂൺ വരകളിൽ ജീവൻ തുടിച്ച് ജടായു

ചടയമംഗലം: സ്ത്രീ ശക്തിയുടെ, സുരക്ഷയുടെ മാതൃകയായ ജടായുവിനെ കാർട്ടൂണിലാക്കി 25 ഓളം കലാകാരന്മാർ. ദേശീയ തലത്തിൽ പ്രശസ്തരായ ഓരോരുത്തരം വ്യത്യസ്ത വീക്ഷണ കോണുകളിൽ ജടായുവിനെ വരച്ചത് കാണികളിലും കൗതുകമുളവാക്കി.

മീ ടൂ ക്യാമ്പയിൻ മുതൽ സ്ത്രീ സുരക്ഷയുടെ മാനവിക മുഖം വരെ ജടായുവിന് നൽകി കൊണ്ടുള്ള രചനകളാണ് കാർട്ടൂണിസ്റ്റുകൾ നടത്തിയത്. ജടായുവിന് മുന്നിൽ രക്ഷക്കായി എത്തുന്ന പെൺകുട്ടിയും, മി ടൂ ക്യാമ്പയിന്റെ ഭാഗമായി രാവണനെതിരേ ആരോപണം ഉന്നയിക്കുന്ന സീതയുമൊക്കെ കാർട്ടൂണിൽ വിഷയമായി വന്നു.

ഇന്ത്യയിലെ വിവിധ പത്രങ്ങളിലെ കാർട്ടൂണിസ്റ്റുകളാണ് ജടായുവിനെ വരയ്ക്കാൻ ഇന്നലെ (ഞായറാഴ്ച) ജടായുവിൽ എത്തിയത്. മലയാള കാർട്ടൂണിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്തു സംഘടിപ്പിച്ച കാർട്ടൂൺ കോൺക്ലേവിന്റെ ഭാഗമായാണ് കലാകാരന്മാർ എത്തിയത്.

“ഏറെ പുതുമകൾ ഉള്ള ഒരു വിനോദ് സഞ്ചാര കേന്ദ്രമാണ് ജടായു. ഇത്തരമൊരു സ്ഥലത്തെയും, സ്ത്രീ സുരക്ഷക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ജടായുവിനെ കൗതുക കണ്ണിലൂടെ വരയ്ക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് “, പ്രശസ്ത മറാത്തി കാർട്ടൂണിസ്റ്റ് പ്രശാന്ത് കുൽക്കർണി പറഞ്ഞു.

ദേശീയ കാർട്ടൂണിസ്റ്റുകൾക്കൊപ്പം മലയാളി കാർട്ടൂണിസ്റ്റുകളും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു. കാണികളോട് സംവദിച്ചും, അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും സംഘം ചെയ്തു. വിനോദസഞ്ചാരമേഖലയിലെ പുത്തൻ കേന്ദ്രമായി മാറുന്ന ജടായു എർത്ത് സെന്ററിനെ സാംസ്‌കാരിക വിനിമയത്തിന്റെ ഇടം കൂടിയാക്കുന്നതിന്റെ ഭാഗമായാണ് ഏകദിന കാർട്ടൂൺ ക്യാമ്പ് സംഘടിപ്പിച്ചത്.

കലാകാരന്മാർ വരച്ച കാർട്ടൂണുകളുടെ പ്രദർശനം ജടായുവിൽ പിന്നീട് സംഘടിപ്പിക്കും. ഈ ചിത്രങ്ങളെല്ലാം കോർത്തിണക്കി ഒരു കോഫി ടേബിൾ ബുക്ക് പ്രസിദ്ധീകരിക്കാനും ഒരുങ്ങുകയാണ് ജടായു അധികൃതര്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*