ജെസ്ന മുങ്ങിയത് നാലര കിലോയോളം സ്വര്‍ണ്ണാഭരണങ്ങളുമായി ; എടുത്ത സ്വര്‍ണത്തിന് പകരമായി വെച്ചത് നാണയത്തുട്ടുകള്‍

ജെസ്ന മുങ്ങിയത് നാലര കിലോയോളം സ്വര്‍ണ്ണാഭരണങ്ങളുമായി ; എടുത്ത സ്വര്‍ണത്തിന് പകരമായി വെച്ചത് നാണയത്തുട്ടുകള്‍

എരുമേലി ബസ് സ്റ്റാന്‍ഡ് റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. സ്വര്‍ണത്തിന് പകരം കവറുകളില്‍ സാധാരണ നാണയങ്ങള്‍. സംഭവത്തില്‍ ഓഫീസ് അസിസ്റ്റന്റ് കനകപ്പലം അലങ്കാരത്ത് വീട്ടില്‍ ജെസ്ന അജി(30) ക്കെതിരേ പൊലീസ് കേസെടുത്തു.

അമ്പതോളം ആളുകളുടെ പണയ ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 4.493 കിലോ സ്വര്‍ണം വരുമിത്. വിപണിവില 1.40 കോടി രൂപയോളം. പലിശയടയ്ക്കാതെ കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ ജീവനക്കാരി സ്വന്തമായി പലിശയടച്ച ശേഷം സ്വര്‍ണം മാറ്റി അതേ തൂക്കത്തില്‍ നാണയങ്ങള്‍ വെക്കുകയായിരുന്നുവെന്ന് അന്വേഷണ ചുമതലയുള്ള  പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. സുനില്‍കുമാര്‍ പറഞ്ഞു.
തൂക്കം ക്രമീകരിക്കാനായി നാണയങ്ങള്‍ക്കൊപ്പം വ്യാജസ്വര്‍ണവും സ്റ്റേപ്പിള്‍ പിന്നുകളും ഉപയോഗിച്ചിരുന്നു. കോഴഞ്ചേരി ആസ്ഥാനമായുള്ള മുളമൂട്ടില്‍ ഫൈനാന്‍സിയേഴ്‌സിന്റെ റീജണല്‍ മാനേജര്‍ ബിനോയ് ആണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ജെസ്നക്കെതിരേ എരുമേലി പോലീസില്‍ പരാതി നല്‍കിയത്. ജെസ്‌നയെ തേടി വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

അതേസമയം തഹസില്‍ദാര്‍ ജോസ് ജോര്‍ജിന്റെ സാന്നിദ്ധ്യത്തിലാണ് പൊലീസ് പണമിടപാട് സ്ഥാപനത്തില്‍നിന്ന് സ്വര്‍ണത്തിന് പകരം നാണയങ്ങള്‍ നിറച്ച പായ്ക്കറ്റുകള്‍ കണ്ടെടുത്തത്. രണ്ടു വര്‍ഷത്തോളമായി ജെസ്ന ഇവിടെ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ഇക്കാലയളവില്‍ പല തവണകളായാവും തട്ടിപ്പ് നടന്നതെന്ന് കരുതുന്നു.
ഇടപാടുകാരെത്താതെ തന്നെ പലിശത്തുക അടയ്ക്കുന്നതില്‍ പുതിയതായെത്തിയ ജീവനക്കാരിക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്തറിയാന്‍ കാരണമായത്. ഹെഡ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണ ഉരുപ്പടികള്‍ക്ക് പകരം നാണയങ്ങള്‍ കണ്ടെത്തി.

ഉരുപ്പടികള്‍ സൂക്ഷിച്ച കവറിന്റെ ബാര്‍ കോഡ് ഇളക്കി സ്വര്‍ണം എടുത്തശേഷം നാണയങ്ങളും മറ്റും പകരം വെച്ച് പഴയരീതിയിലാക്കുകയായിരുന്നു. അപഹരിച്ച സ്വര്‍ണം കുറെ വിറ്റതായും ബാക്കി മറ്റു സ്ഥലങ്ങളില്‍ പണയംവെച്ചതായുമാണ് പൊലീസിന്റെ നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*