ജെസ്ന തിരോധാനത്തിൽ പുതിയ വഴിത്തിരിവ് ; ജസ്നയുൾപ്പടെയുള്ളവരെ ചെങ്ങന്നൂരിലെ അനാഥാലയത്തിൽ എത്തിച്ചതായി പരാതി

ജെസ്ന തിരോധാനത്തിൽ പുതിയ വഴിത്തിരിവ് ; ജസ്നയുൾപ്പടെയുള്ളവരെ ചെങ്ങന്നൂരിലെ അനാഥാലയത്തിൽ എത്തിച്ചതായി പരാതി

ചെങ്ങന്നൂര്‍: മുണ്ടക്കയത്തെ ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനം ചുരുളഴിക്കപ്പെടാത്ത രഹസ്യമായി തുടരുകയാണ്.പലതരത്തിലുള്ള അന്വേഷണങ്ങളും വഴിമുട്ടിയ സാഹചര്യത്തിൽ മുണ്ടക്കയത്തെ ഒരു കടയിൽ നിന്നും കിട്ടിയ ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയാണ് പോലീസ്.

ആ അന്വേഷണം ഇപ്പോൾ ചെങ്ങന്നൂരിലെ ഒരു അനാഥാലയത്തിൽ ചെന്നെത്തി നിൽക്കുകയാണ്. ഇവിടുത്തെ ചാണകക്കുഴിയില്‍ നിന്നും കണ്ടെത്തിയ അസ്ഥിക്കഷങ്ങള്‍ നിർണ്ണായക വഴിത്തിരിവാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.എന്നാൽ ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ ദുരൂഹമായിക്കൊണ്ടിരിക്കുകയാണ്.

തമിഴ്നാട്ടിലും ബംഗളൂരുവിൽ നിന്നുമൊക്കെ തുടങ്ങിയ അന്വേഷണം ചെങ്ങന്നൂരിലെ അനാഥാലയത്തിലേക്ക് എത്തുമ്പോൾ ജസ്ന മരണപ്പെട്ടോ എന്ന സംശയവും ബലപ്പെടുകയാണ്.ജസ്നയുടെ തിരോധാനം സംബന്ധിച്ച് മനുഷ്യാവകാശ പ്രവർത്തകനായ പ്രദീപ് കോശി അനാഥാലയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

ചെങ്ങന്നൂര്‍ മുളക്കുഴിയിലെ അനാഥാലയത്തിന് എതിരെയാണ് പരാതി നല്‍കിയത്. കാണാതായ ജസ്‌ന ഉള്‍പ്പെടെ നിരവധി പേരെ ഈ അനാഥാലയത്തില്‍ എത്തിച്ചതായി പരാതിയില്‍ പറയുന്നുവെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഇത്തരത്തില്‍ അനാഥാലയത്തില്‍ എത്തിച്ചവരില്‍ ചിലര്‍ മരിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ മൃതദേഹങ്ങള്‍ അനാഥാലയത്തിലെ തൊഴുത്തിന് സമീപത്തുള്ള ചാണകക്കുഴിയില്‍ കുഴിച്ചിട്ടിട്ടുണ്ട് എന്നും പ്രദീപ് കോശി പരാതിയില്‍ ആരോപിക്കുന്നു.
ഇത് പ്രകാരമാണ് പോലീസ് കഴിഞ്ഞ ദിവസം അനാഥാലയത്തിലെ ചാണകക്കുഴിയില്‍ തെരച്ചില്‍ നടത്തിയത്.വാഹനങ്ങള്‍ക്ക് കടന്ന് ചെല്ലാന്‍ സാധിക്കാത്ത ഭാഗത്താണ് ഈ ചാണകക്കുഴി സ്ഥിതി ചെയ്യുന്നത്. നാല് അറകളാണ് ചാണകക്കുഴിക്ക് ഉള്ളത്. അനാഥാലയത്തിലെ അന്തേവാസികളില്‍ ചിലരുടേയും തൊഴിലാളികളുടേയും സഹായത്തോടെ ചാണകം വാരിമാറ്റിയാണ് തെരച്ചില്‍ നടത്തിയത്.

മൂന്ന് ദിവസത്തോളം തെരച്ചില്‍ നീണ്ടു.തെരച്ചിലില്‍ പോലീസിന് ചില അസ്ഥിക്കഷണങ്ങള്‍ കിട്ടിയിട്ടുണ്ട്.ഈ അസ്ഥിക്കഷണങ്ങള്‍ മനുഷ്യരുടേതാണോ എന്നറിയുന്നതിന് വേണ്ടി പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അസ്ഥിക്കഷങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ് വീണ്ടും അനാഥാലയത്തില്‍ പരിശോധന നടത്തി. ഏതാണ്ട് ഏഴ് ഏക്കറിലാണ് ചെങ്ങന്നൂര്‍ മുഴക്കുഴിയിലെ വിവാദ അനാഥാലയം സ്ഥിതി ചെയ്യുന്നത്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഈ അനാഥാലയം ഒരു ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാനസിക വൈകല്യമുള്ളവരെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്. നിലവില്‍ നൂറ്റിയഞ്ച് അന്തേവാസികളാണ് ഇവിടെ ഉള്ളത്. ഈ സ്ഥാപനത്തിന്റെ നടത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മനുഷ്യാവകാശ കമ്മീഷന്‍ പി മോഹനദാസ് കഴിഞ്ഞ വർഷം ഈ അനാഥാലയം സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ ഒന്‍പതിനായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനം. അനാഥാലയത്തില്‍ നിന്നും സ്ത്രീകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് അധികൃതര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ഇത് പ്രകാരം ഇരുന്നൂറോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അനാഥാലയത്തിലെ ചാണകക്കുഴിയില്‍ നിന്നും ലഭിച്ച അസ്ഥിക്കഷണങ്ങള്‍ മനുഷ്യരുടേത് ആണോ എന്ന് വ്യക്തമായാല്‍ മാത്രമേ ഈ വഴിക്കുള്ള അന്വേഷണം ഇനി മുന്നോട്ട് പോവുകയുള്ളൂ. ജസ്‌നയെ കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പോലീസ് തേടുന്നുണ്ട്. മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട തലയില്‍ തുണിയിട്ട പെണ്‍കുട്ടി ജസ്‌ന തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ആ വഴിക്കും അന്വേഷണം ഊര്‍ജ്ജിതമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply