രാജ്യത്ത് വീണ്ടും ജിയോ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങി ജിയോ ഫൈബര്‍

മുംബൈ : രാജ്യത്ത് വീണ്ടും ജിയോ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങി ജിയോ ഫൈബര്‍ ഇന്നു മുതല്‍ എത്തുന്നു. വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്‍കുന്ന ലാന്‍ഡ് ഫോണും സ്മാര്‍ട് ടിവി സെറ്റ് ടോപ് ബോക്‌സും എത്തിക്കുന്ന ‘ജിയോ ഫൈബര്‍’ ആണ് റിലയന്‍സ് ഇന്ന് അവതരിപ്പിക്കുക. രാജ്യത്ത് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ‘ ജിയോ’യ്ക്ക് 3 വയസ് തികയുന്ന ദിവസം തന്നെയാണ് റിലയന്‍സ് പദ്ധതി വിപണിയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് രാജ്യം മുഴുവനും ആ പ്രഖ്യാപനത്തിനായി ഉറ്റുനോക്കുകയാണ്.

കൂടാതെ ഒരു വര്‍ഷ പാക്കേജ് എടുക്കുന്നവര്‍ക്ക് ഹൈ ഡെഫിനിഷന്‍ അഥവാ 4കെ വ്യക്തതയുള്ള ടിവിയോ ഡെസ്‌ക്ടോപ് കംപ്യൂട്ടറോ സൗജന്യമായി നല്‍കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കഴിഞ്ഞ മാസം നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചിരുന്നു. 100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ വേഗമുള്ള ഇന്റര്‍നെറ്റ് ആണ് വാഗ്ദാനം ചെയ്യുന്നത്. 700 രൂപ മുതല്‍ 10,000 രൂപ വരെ പ്രതിമാസ ചാര്‍ജുള്ള പ്ലാനുകള്‍ ഉണ്ടാകും. യുഎസിലേക്കും കാനഡയിലേക്കും പരിധിയില്ലാതെ സൗജന്യ ഫോണ്‍ കോള്‍ നടത്താവുന്ന പാക്കേജിനു 500 രൂപ പ്രതിമാസ ഫീസ്. മറ്റെല്ലാ നിരക്കുകളും നിലവില്‍ വിപണിയിലുള്ള നിരക്കുകളുടെ അഞ്ചിലൊന്നോ പത്തിലൊന്നോ മാത്രമേ വരൂ എന്നും അംബാനി അന്ന് അറിയിച്ചിരുന്നു.

കൂടാതെ നെറ്റ്ഫ്‌ലിക്‌സ് പോലുള്ളവയുടെ സബ്‌സ്‌ക്രിപ്ഷന്‍ അടക്കമുള്ള പാക്കേജുകളാണു വരുക. ‘പ്രീമിയം’ ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് പുതിയ സിനിമകള്‍ റിലീസ് ദിവസംതന്നെ വീട്ടിലെ ടിവിയില്‍ കാണാവുന്ന ‘ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ സേവനം അടുത്ത വര്‍ഷം പകുതിയോടെ അവതരിപ്പിക്കും. ഗെയിമിങ്ങ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനങ്ങളൊക്കെയുള്ള 4കെ സെറ്റ് ടോപ് ബോക്‌സുകളാണു ജിയോ ഗിഗാ ഫൈബര്‍ പദ്ധതിയുടെ ഭാഗമായുളളത്. സാധാരണ ടിവികളും സ്മാര്‍ട് ടിവി പോലെ പ്രവര്‍ത്തിപ്പിക്കാനാകും. ഒരു വര്‍ഷമായി പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ലഭ്യമാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*