ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി
ജോലിക്കായി പോയ ഭർത്താവിനെ മാസങ്ങൾക്ക് ശേഷം ഭാര്യ ഫേസ്ബുക്കിൽ കണ്ടെത്തി
കാസര്‍കോട് : ജോലിക്കായി എറണാകുളത്തേക്കു പോയ ഭർത്താവിനെ കാത്തിരുന്ന യുവതി ഒടുവിൽ ഫെയ്സ്ബുക്കിൽ ഭർത്താവിനെ കണ്ടെത്തി. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കവേ ജോലിക്ക് എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ് പിന്നെ തിരികെ എത്തിയിരുന്നില്ല.
എന്നാൽ യുവാവിനെ ഫേസ്‌ബുക്കിൽ കണ്ടതോടെ ഭർത്താവിനെ തിരിച്ചു കിട്ടാൻ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് കാസർകോട് വെള്ളരിക്കുണ്ട് പുന്നലിക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബി.കാസർകോട് ബന്തടുക്ക സ്വദേശിയായ ബേബി എറണാകുളം കിറ്റക്സ് കമ്പനിയിൽ ജോലി ചെയ്യവേയാണ് ദീപുവിനെ പരിചയപ്പെടുന്നത്.പരിചയം പൊടുന്നനേ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വളർന്നു.
താൻ ഹിന്ദുവാണെന്നും ബന്ധുക്കൾ ആരും ഇല്ലെന്നുമാണ് ദീപു പറഞ്ഞത്.2009 ഫെബ്രുവരി പതിമൂന്നാം തീയതി കാക്കനാട് ശിവക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.തുടർന്ന് ഒരു കുഞ്ഞുണ്ടായ ശേഷം താൻ ക്രിസ്ത്യൻ ആണെന്നും ബന്ധുക്കൾ നാട്ടിലുണ്ടെന്നും അവിടെ ചെന്ന് മതം മാറണമെന്നും ബേബിയോട് പറഞ്ഞു. തുടർന്ന് നാട്ടിലെത്തി ബേബി ക്രിസ്തു മതം സ്വീകരിക്കുകയും ക്രിസ്തീയാചാര പ്രകാരം വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു.
ബേബി രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായപ്പോൾ ജോലിക്കായി പോകുന്നു എന്നു പറഞ്ഞാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയത്. കുഞ്ഞ് ജനിച്ച് ആറുമാസമായെങ്കിലും ഇതുവരെ ഇയാൾ യുവതിയെ ഒരിക്കൽ പോലും ബന്ധപ്പെട്ടിട്ടില്ല.വെള്ളരിക്കുണ്ട് പോലീസിലും ഭീമനടി ഗ്രാമീണ കോടതിയിലും ബേബി ഭർത്താവ് ദീപുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയ ദീപു, ഭാര്യയേയും മക്കളെയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് അവിടെ നിന്നും വീണ്ടും നാടുവിടുകയായിരുന്നു.
എന്നാല്‍ ദീപു ഇപ്പോൾ എറണാകുളത്ത് മറ്റൊരു വിവാഹം കഴിച്ചതായി കേട്ടെന്നും ബേബി ആരോപിച്ചു. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്‍റെ ഫേസ് ബുക്ക് പേജ് കാണുന്നത്. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലും നാട്ടുകാരോടും ദീപുവിനെ കണ്ടെത്തിത്തരാന്‍ അപേക്ഷിക്കുകയാണ് ബേബി.
താൻ താഴ്ന്ന ജാതിയിൽ പെട്ടയാളായതിനാൽ തുടക്കം മുതൽ ദീപുവിന്റെ അമ്മയ്ക്കും സഹോദരിക്കും തന്നെ ഇഷ്ടമില്ലായിരുന്നു എന്നും അതിലും മോശമായ അവസ്ഥയിലാണ് ഇപ്പോൾ അവർ തന്നോട് പെരുമാറുന്നതെന്നും ബേബി ആരോപിക്കുന്നു. അയൽവാസികളുടെ സഹായം കൊണ്ടാണ് ഇപ്പോൾ കഴിയുന്നതെന്നും അതിനാൽ എത്രയും വേഗം ഭർത്താവിനെ കണ്ടെത്തി തരണമെന്നും അപേക്ഷിക്കുകയാണ് യുവതി.
Leave a Reply