കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ദ്ധിക്കുന്നു; ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്ന് പഠന റിപ്പോര്‍ട്ട്

കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ദ്ധിക്കുന്നു; ജീവിതശൈലി രോഗങ്ങള്‍ക്കൊപ്പം ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കൂടിയെന്ന് പഠന റിപ്പോര്‍ട്ട്

എറണാകുളം: കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ചുവടെ. രണ്ടുമാസത്തെ അവധിക്കാലം കുട്ടികള്‍ ജങ്ക് ഫുഡ് കേന്ദ്രങ്ങളില്‍ മാതാപിക്കാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി.

Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു

തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളുടെ ഭക്ഷണ ശീലം സംബന്ധിച്ച് നടത്തിയ പഠനത്തില്‍ കൂടുതല്‍ പേരും ജങ്ക് ഫുഡ് ഭക്ഷണങ്ങളോട് അമിത താത്പര്യം കാട്ടുന്നതായി സര്‍വ്വേകളില്‍ വ്യക്തമായി. മദ്യത്തിന്‍റെയും മറ്റ് ലഹരിവസ്തുക്കളുടെയും അമിത ഉപയോഗം യുവാക്കളെയും മധ്യവയസ്കരെയും നിത്യരോഗികളാക്കുമ്പോള്‍ മൂന്നുമുതല്‍ 15 വയസിനിടയിലുള്ള കുട്ടികളെ മാനസികമായും ശാരീരികമായും നശിപ്പിക്കാന്‍ ജങ്ക് ഫുഡുകളുടെ ഉപയോഗം വഴിവെക്കുമെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായി. കുട്ടികളുടെ ഉയരവും ശരീരഭാരവും അളന്ന് അനുപാതം കണക്കാക്കിയായിരുന്നു പഠനം നടത്തിയത്. ഫാസ്റ്റ് ഫുഡ് സംസ്കാരം വേഗം പടര്‍ന്നുപിടിക്കുന്ന നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളിലാണു പൊണ്ണത്തടി ഏറെയും കണ്ടെത്തിയത്. ഗ്രാമീണ മേഖലകളിലെ കുട്ടികളില്‍ നഗരങ്ങളില്‍ ജീവിക്കുന്ന കുട്ടികളെ അപേക്ഷിച്ച് പൊതുവെ പൊണ്ണത്തടി കുറവാണെന്നു പഠനത്തില്‍ കണ്ടെത്തി.

Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി

കൊല്ലം മെഡിട്രീന ഹോസ്പിറ്റലിലെ ചീഫ് ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാറിന്‍റെ നേതൃത്വത്തിലാണ് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുട്ടികളിലെ പൊണ്ണത്തടിയുടെ മുഖ്യകാരണം കാലറി കൂടിയ ജങ്ക് ഫുഡിന്‍റെ നിരന്തര ഉപയോഗമാണെന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. നമ്മുടെ കുട്ടികളില്‍ 70 ശതമാനത്തോളം പ്രഭാതഭക്ഷണം ഒഴിവാക്കിയോ വേണ്ടത്ര കഴിക്കാതെയോ ആണ് ട്യൂഷനായും സ്കൂള്‍ ബസിനായും ഓടുന്നതെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. കുട്ടികളില്‍ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോള്‍ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകും. യൗവനം വിട്ടൊഴിയുന്നതിനു മുന്‍പുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അവരുടെ ജീവിതത്തെ കരി നിഴലിലാക്കുകയും ചെയ്യും.പഠന റിപ്പോര്‍ട്ടിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ
1. 10-15 വയസ്സില്‍ത്തന്നെ രക്തസമ്മര്‍ദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.2.ഒഴിവാക്കാന്‍ പാടില്ലാത്തതും നന്നായി കഴിക്കേണ്ടതുമായ പ്രഭാതഭക്ഷണം കുട്ടികളില്‍ ഏറെപ്പേരും ഉപേക്ഷിക്കുന്നു.3.ഫാസ്റ്റ്ഫുഡിനും ശീതളപാനീയങ്ങള്‍ക്കും കുട്ടികള്‍ അടിമകള്‍. ഫലം പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും.

4.മലബന്ധം വ്യാപക ആരോഗ്യപ്രശ്നം.5.കായികമായ കളികളില്ല, വ്യായാമമില്ല. ഇതും പൊണ്ണത്തടിക്കു മുഖ്യകാരണം. ചെറുപ്രായത്തില്‍ തന്നെ വിവിധതരം സന്ധിവേദനകള്‍ വ്യാപകം.
6.കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാന്‍സറും ഹൃദ്രോഗവും കരള്‍വീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നു.7.മൂന്നുവയസ്സുള്ള കുട്ടികള്‍ മുതല്‍ സ്കൂള്‍ ബാഗായി ചുമക്കുന്നത് അമിതഭാരം. തോള്‍, നട്ടെല്ല് വേദനയുടെ അടിസ്ഥാന കാരണം ഭാരിച്ച ബാഗുകള്‍.8.സൗജന്യ പ്രതിരോധ കുത്തിവയ്പ് 100% കുട്ടികളിലേക്ക് എത്തുന്നില്ല. ഇതുമൂലം പല ഗുരുതര രോഗങ്ങളും കുട്ടികളെ കീഴ്പ്പെടുത്തുന്നു.9.കുട്ടികളില്‍ ഭൂരിപക്ഷവും ടിവിക്കും മൊബൈലിനും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും അടിമകള്‍. ഇത് ശാരീരിക-മാനസിക ആരോഗ്യത്തെ ഒരുപോലെ തകരാറിലാക്കുന്നു.10.കാഴ്ചത്തകരാറുകളാല്‍ കണ്ണടവയ്ക്കേണ്ടിവരുന്ന കുട്ടികളുടെ എണ്ണം പതിന്‍മടങ്ങായി.

ആറുവയസ്സും 20 കിലോഗ്രാം ശരീരഭാരവുമുള്ള കുട്ടിക്ക് ഒരു ദിവസം വേണ്ട ഊര്‍ജത്തിന്‍റെ തോത് 1500 കിലോ കാലറിയാണ്. 10 വയസ്സും 30 കിലോ ഭാരമുള്ള കുട്ടിക്ക് ഇത് 1700 കിലോ കാലറിയും, കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് 2400 കിലോ കാലറിയും പെണ്‍കുട്ടികള്‍ക്ക് 2200 കിലോ കാലറിയുമാണ്. ഒരു ബര്‍ഗറോ മീറ്റ് റോളോ രണ്ടു കഷണം ഫ്രൈഡ് ചിക്കനോ കഴിക്കുമ്പോള്‍ ലഭിക്കുന്നത് 1200-1500 കിലോ കാലറി.

അതായത് ആറു വയസ്സുകാരന് ഒരുദിവസം വേണ്ട ഊര്‍ജമത്രയും ഇതില്‍നിന്നു മാത്രം ലഭിക്കുന്നു. കൂടുതല്‍ കഴിക്കുന്ന ഭക്ഷണത്തിലെ കാലറിയെല്ലാം അധിക ഊര്‍ജമാണ്. ‘ആവശ്യത്തിലേറെ കാലറി ശരീരത്തിലെത്തുകയും കാര്യമായ ശാരീരിക അധ്വാനമില്ലാതെ വരികയും ചെയ്യുമ്പോള്‍ അതു കൊഴുപ്പായി ശരീരത്തിലടിഞ്ഞ് ചീത്ത കൊളെസ്ട്രോള്‍ വര്‍ധിപ്പിക്കുന്നു. പൊണ്ണത്തടിയും ഉണ്ടാവും. ഹൃദ്രോഗത്തിലേക്കും മറ്റു ജീവിതശൈലീ രോഗങ്ങളിലേക്കും കൗമരങ്ങളെ തള്ളിവിടുന്നതിന് ഇത് കാരണമാകുന്നു.
ഇത്തരത്തില്‍ കാലറി (ഊര്‍ജം) ആവശ്യത്തിലേറെയുള്ളതും എന്നാല്‍ കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ ധാതുലവണങ്ങളും പോഷകങ്ങളും തീരെ കുറഞ്ഞ ഭക്ഷണ സാധനങ്ങളെയാണ് ജങ്ക് ഫുഡ് എന്നു പറയുന്നത്. മാത്രവുമല്ല, ഇത്തരം ആഹാരസാധനങ്ങളില്‍ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അമിതമായ അളവിലുണ്ടാവും. ഇത്തരം ആഹാരം ശീലമാക്കിയവരില്‍ ഹൃദ്രോഗ സാധ്യത 80% കൂടുതലാണെന്നു വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരക്കാര്‍ക്ക് കാന്‍സര്‍ സാധ്യതയും ഏറെയാണ്. ഭക്ഷണത്തിന്‍റെ രുചിയും ആകര്‍ഷണവും കൂട്ടാനായി ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളും വലിയ പ്രശ്നമാണ്.

പൂപ്പല്‍ ഒഴിവാക്കാന്‍ ചേര്‍ക്കുന്ന സോഡിയം ബെന്‍സൊയേറ്റ്, പൊട്ടാസ്യം ബെന്‍സൊയേറ്റ് എന്നിവയൊക്ക ഈ ഗണത്തില്‍പ്പെടുന്നവയാണ്. സംസ്കരിച്ച മാംസാഹാരത്തിലെ സോഡിയം നൈട്രേറ്റ് കുടലിലെ അര്‍ബുദത്തിനാണു കാരണമാവുക. റസ്റ്റോറന്‍റുകളിലും മറ്റും വറുക്കുന്നതിനും പൊരിക്കുന്നതിനും ഉപയോഗിക്കുന്ന എണ്ണ പാത്രത്തില്‍നിന്നു മാറ്റാതെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ അടിഞ്ഞുകൂടുന്ന രാസപദാര്‍ഥങ്ങളും കാന്‍സറിലേക്കാവും നയിക്കുക.
കപ്പലണ്ടിയും കടലയും മുതല്‍ നാടന്‍ പലഹാരങ്ങള്‍ വരെ ഇടനേരത്തെ ആഹാരമായിരുന്ന കാലം മാറി ഇപ്പോള്‍ കുട്ടികള്‍ക്കു കൊറിക്കാന്‍ ബ്രാന്‍ഡഡ് സ്നാക്സുകള്‍ തന്നെ വേണമെന്നായി. ഇതിനുപിന്നിലെ രഹസ്യവും രുചിവര്‍ധകങ്ങളായ രാസവസ്തുക്കള്‍ തന്നെ. മിക്ക പായ്ക്കറ്റ് സ്നാക്സുകളിലും ഉപ്പിന്‍റെ അളവു വളരെ ഉയര്‍ന്ന തോതിലാണ്. കുട്ടികളില്‍ നല്ലൊരുപങ്ക് മാംസാഹാര പ്രിയരാണ്. അതും ഫ്രൈഡ് ചിക്കന്‍ പോലെ വറുത്ത മാംസാഹാരങ്ങളോടുള്ള പ്രിയം. മാംസവിഭവങ്ങളില്‍ പൂരിതകൊഴുപ്പ് അമിതമായ അളവിലുണ്ട്. ഹോര്‍മോണ്‍ കുത്തിവച്ചു വളര്‍ത്തുന്ന കോഴികളുടെയും മറ്റും മാംസം നിരന്തരം കഴിക്കുമ്പോള്‍ ആ വളര്‍ച്ചാ ഹോര്‍മോണുകളും ശരീരത്തില്‍ വന്‍ തോതിലെത്തും.

മികച്ചതു വീട്ടിലെ ഭക്ഷണം
പായ്ക്ക് ചെയ്തു വരുന്ന ചില ഭക്ഷണങ്ങളിലും ചില റസ്റ്റോറന്‍റുകളില്‍നിന്നു വാങ്ങുന്ന വിഭവങ്ങളിലുമെല്ലാം രുചികൂട്ടാനായി മോണാ സോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി) ഉപയോഗിക്കുന്നുണ്ട്. സംസ്കരിച്ച പായ്ക്കറ്റ് ആഹാരങ്ങളില്‍ പലതിലും ഇതിന്‍റെ അളവ് കൂടുതലാണ്. നാഡീ സംവേദനശേഷി നശിപ്പിക്കുന്ന എംഎസ്ജി അധിമായാല്‍ തലവേദനയും ക്ഷീണവും മുതല്‍ മറവിരോഗവും പാര്‍ക്കിന്‍സണ്‍സും വരെയുള്ള പ്രശ്നങ്ങളിലേക്കാവും എത്തുക. ഈയം, നൈട്രേറ്റ് എന്നിവയും ഉയര്‍ന്നതോതില്‍ അടങ്ങിയിട്ടുണ്ട്. മുന്‍പൊക്കെ വയറിളക്കമായിരുന്നു കുട്ടികളുടെ പൊതുവായൊരു പ്രശ്നമെങ്കില്‍ ഇപ്പോഴതു മലബന്ധമാണെന്നും ഇതിന്‍റെ കാരണങ്ങളിലൊന്നു ജങ്ക് ഫുഡിന്‍റെ നിരന്തര ഉപയോഗമാണ്.

കുടിക്കുന്നത് വിഷമാവരുത്
പായ്ക്ക് ചെയ്ത പാനീയങ്ങളുടെ വിപണി മുഖ്യമായും ലക്ഷ്യമിടുന്നതു കുട്ടികളെയും യുവാക്കളെയുമാണ്. ഇതില്‍ പലതും ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതും അടിമകളാക്കുന്നതുമാണെന്നതു പരസ്യമായ വസ്തുത. ശരീരത്തിന് ഏറ്റവും നല്ല പാനീയം ഏതെന്ന ചോദ്യത്തിനും ഉത്തരം വീട്ടിലുണ്ടാക്കുന്നത് എന്നതു തന്നെ. കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയെ വെല്ലുന്ന ഒരു എനര്‍ജി ഡ്രിങ്കുമില്ല. വേനല്‍ക്കാലത്തു ശരീരത്തില്‍നിന്നു ജലാംശത്തിനൊപ്പം ലവണങ്ങളും നഷ്ടപ്പെടും. ഇതിനു പരിഹാരം ഉപ്പിട്ട കഞ്ഞിവെള്ളവും സംഭാരവുമെല്ലാം കുടിക്കുകയാണ്. കുട്ടികള്‍ കുറഞ്ഞത് ഒന്നര ലീറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നമ്മുടെ കുട്ടികള്‍ വാട്ടര്‍ ബോട്ടിലുകളില്‍ വെള്ളം സ്കൂളുകളിലേക്ക് കൊണ്ടുപോകുന്നുണ്ട്.

കുട്ടികളുടെ വളര്‍ച്ചയ്ക്കു വേണ്ടതു സമീകൃതാഹാരം
കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു സമീകൃതാഹാരമാണു വേണ്ടത്. സമീകൃതാഹാരത്തില്‍ വേണ്ടതെന്തൊക്കെ? കുട്ടികളുടെ ഒരുദിവസത്തെ ആഹാരം നാലു തുല്യഭാഗങ്ങളായി വീതിച്ചാല്‍ അതില്‍ ഉള്‍പ്പെടുത്തേണ്ട ആഹാരസാധനങ്ങള്‍ (ഇവ പല സമയത്തെ ആഹാരത്തിലായി ഉള്‍പ്പെടുത്തിയാല്‍ മതി): പഴങ്ങള്‍: വാഴപ്പഴം, പേരയ്ക്ക, ചക്കപ്പഴം ഉള്‍പ്പെടെ ഓരോ സമയത്തും ലഭ്യമായ പഴങ്ങള്‍. ശരീരത്തിനുവേണ്ട വിവിധ പോഷകങ്ങള്‍ (വൈറ്റമിന്‍) ആണ് ഇതില്‍നിന്നു ലഭിക്കുക. പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും അനുയോജ്യം.
പച്ചക്കറി: പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പു നിറങ്ങളിലുള്ള പച്ചക്കറിയാണ് ഉത്തമം. നന്നായി വൃത്തിയാക്കി പച്ചയ്ക്കോ സാലഡായോ കഴിക്കാം. ഇല്ലെങ്കില്‍ അല്‍പം ഉപ്പിട്ടു പാതി പുഴുങ്ങിയോ വെജിറ്റബിള്‍ പുലാവായോ നല്‍കാം. ചീര ഉള്‍പ്പടെയുള്ള ഇലക്കറികളും ഉള്‍പ്പെടുത്താം. തൊലി കളഞ്ഞും മുറിച്ചും ഏറെനേരം വെള്ളത്തിലിട്ടുവയ്ക്കുമ്പോഴും പാചകം ചെയ്യുമ്പോഴും പച്ചക്കറിയിലെ പോഷകഘടകങ്ങള്‍ നഷ്ടപ്പെടും. ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും പച്ചക്കറിയില്‍നിന്നു ലഭിക്കും.

അരി, ഗോതമ്പ് ആഹാരങ്ങള്‍: കാര്‍ബോ ഹൈഡ്രേറ്റും (അന്നജം), കാലറിയും (ഊര്‍ജം) ഇതില്‍നിന്നു ലഭിക്കും. പക്ഷേ, അധികമാവാതെ സൂക്ഷിക്കുക. ബ്ലീച്ചിങ്ങിനു വിധേയമായ, ഒരുഗുണവുമില്ലാത്ത മൈദ വിഭവങ്ങള്‍ ഉപേക്ഷിക്കുക. പൊറോട്ടയും പല ബേക്കറി ഉല്‍പ്പന്നങ്ങളും മൈദയിലുണ്ടാക്കുന്നതാണ്. ഇതു പാന്‍ക്രിയാസിനടക്കം ദോഷം ചെയ്യും. പൊറോട്ട ഇഷ്ടമാണെങ്കില്‍ ഗോതമ്പു പൊറോട്ടയാണ് നല്ലത്.

പയര്‍വര്‍ഗങ്ങള്‍: പയറും കടലയും ഉള്‍പ്പടെയുള്ളവ. ശരീരത്തിനുവേണ്ട പ്രോട്ടീന്‍ ലഭ്യമാക്കുന്നതാണിവ. പയര്‍ മുളപ്പിച്ചതായാല്‍ ഏറെ ഉത്തമം. മല്‍സ്യം, മാംസം എന്നിവയും ഈവിഭാഗത്തിലുള്ളവ തന്നെ. എന്നാല്‍ മാംസാഹാരത്തിന്‍റെ അമിത ഉപയോഗം കുറയ്ക്കുക. പ്രത്യേകിച്ചു വറുത്തവ. ഒപ്പം തൈര്, അല്ലെങ്കില്‍ മോര് ഉള്‍പ്പെടുത്താം. ദഹനത്തിനു നല്ലതാണ്.

രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് നിവേദനം നല്‍കും
രാജ്യത്ത് ജങ്ക് ഫുഡുകളുടെ ഉത്പാദനവും വിപണനവും തടയണമെന്ന് ആവശ്യപ്പെട്ട് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് നിവേദനം നല്‍കും. ആദ്യപടിയായി കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജങ്ക് ഫുഡുകളുടെ ഉപയോഗം കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച ബോധവത്കരണ ക്ലാസുകള്‍, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ആര്‍ അജിരാജ് കുമാര്‍, ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാട്ട് എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*