കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി രാജിവച്ചു; ഭരണപക്ഷം പ്രതിസന്ധിയില്‍

കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി രാജിവച്ചു; ഭരണപക്ഷം പ്രതിസന്ധിയില്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി മന്ത്രി രാജിവെച്ചു. സ്വതന്ത്ര എംഎല്‍എയായ എച്ച്. നാഗേഷാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൈമാറി. നാഗേഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

മുള്‍ബാഗലില്‍ നിന്നുള്ള എംഎല്‍എയായ നാഗേഷ് നേരത്തേ സര്‍ക്കാര്‍ രൂപീകരണ സമയം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറില്‍ താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ അനുനയിപ്പിക്കുകയും മന്ത്രിസ്ഥാനം നല്‍കി കൂടെ നിര്‍ത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് നാഗേഷ് മന്ത്രിയായി ചുമതലയേറ്റത്.

നാഗേഷിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയുടെ അടുത്ത അനുയായി ശോഭ കരന്തലജെ പ്രതികരിച്ചു. 13 ഭരണകക്ഷി എം.എല്‍.എമാരുടെ രാജിയോടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിന്റെ നിലനില്‍പ് ഭീഷണിയിലായിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയ എംഎല്‍എമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാന്‍ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. മന്ത്രിസഭ പുനസംഘടനയ്ക്കു പോലും തയ്യാറാണെന്നു ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കി.

നാഗേഷ് പിന്തുണച്ചതോടെ ബി.ജെ.പിയുടെ അംഗബലം 106 ആയി ഉയര്‍ന്നു. സ്പീക്കറെ കൂടി ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളാണുള്ളത്. 224 അംഗ സഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഏഴ്‌സീറ്റു കൂടി ലഭിച്ചാല്‍ ബി.ജെ.പിക്കു സര്‍ക്കാരുണ്ടാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*