കാര്‍ഷിക വായ്പാ മോറട്ടോറിയം ഉത്തരവ് വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് താക്കീത്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കാര്‍ഷികവായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടിനല്‍കുന്നതിനായി മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനം ഉത്തരവാക്കുന്നതില്‍ കാലതാമസം വരുത്തിയ ഉന്നത ഉദ്യോഗസ്ഥരെ മന്ത്രിസഭായോഗം താക്കീത് ചെയ്തു. ഉത്തരവ് വൈകിയതില്‍ മന:പൂര്‍വ്വമുള്ള വീഴ്ചയുണ്ടായില്ലെന്ന ചീഫ്സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ് മന്ത്രിസഭ തള്ളി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനുമുമ്പേ ഉത്തരവിറക്കാനാകുന്ന തരത്തില്‍ പ്രത്യേകമന്ത്രിസഭായോഗം ചേര്‍ന്നെടുത്ത തീരുമാനം ഉത്തരവാക്കുന്നതില്‍ സംഭവിച്ചത് ഉദ്യോഗസ്ഥതല വീഴ്ച തന്നെയാണെന്ന് യോഗം വിലയിരുത്തി. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. വീഴ്ച ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി വേണ്ടിവരുമെന്ന മന്ത്രിസഭായോഗത്തിന്റെ നിര്‍ദ്ദേശം താഴേത്തട്ട് വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചു.

രണ്ടാം ശനിയും ഞായറും അടക്കമുള്ള രണ്ട് അവധി ദിവസങ്ങള്‍ വന്നതാണ് ഉത്തരവ് വൈകാനിടയാക്കിയതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, മനഃപൂര്‍വം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ഒഴിവുകഴിവുകളാണെന്ന അഭിപ്രായമാണ് മന്ത്രിമാരില്‍ നിന്നുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് മാര്‍ച്ച്‌ അഞ്ചിന് ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേകമന്ത്രിസഭായോഗത്തിലാണ് കര്‍ഷക വായ്പാ മോറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ചത്. ഇതുകഴിഞ്ഞ് ആറ് മുതല്‍ എട്ട് വരെ മൂന്നു പ്രവൃത്തി ദിവസങ്ങളുണ്ടായിരുന്നു. ഒന്‍പത് രണ്ടാംശനിയും. 10ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ഇതോടെ ഉത്തരവിറക്കുന്നതിനായി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കേണ്ടിവന്നു. സമയമുണ്ടായിട്ടും കാര്‍ഷിക വായ്പാ മോറട്ടോറിയം ഉത്തരവിറക്കാതിരുന്ന നടപടിയെ വിമര്‍ശിച്ച്‌ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഫയല്‍ തള്ളി. തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയായ ശേഷം മേയ് 29നാണ് ഉത്തരവിറക്കാനായത്. ഇതു റിസര്‍വ് ബാങ്ക് ആദ്യം അംഗീകരിക്കാതിരുന്നതും ചര്‍ച്ചയായിരുന്നു.
കാര്‍ഷികവായ്പാമോറട്ടോറിയം കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും ബാധകമാക്കിയായിരുന്നു പുതിയ വായ്പാ മോറട്ടോറിയം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31വരെ നിലവിലുണ്ടായിരുന്ന മോറട്ടോറിയത്തില്‍ കാര്‍ഷിക വായ്പ മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*