അനീതിക്കെതിരെയുള്ള പോരാട്ടം: കർത്താവിന്റെ മണവാട്ടിമാർക്ക് അംഗീകാരവുമായി നാഷണൽ ജിയോഗ്രഫിക് മാസിക
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോരാടിയ സഹപ്രവർത്തകരെ ആദരിച്ച് അന്താരാഷ്ട്രമാസികയായ നാഷണൽ ജിയോഗ്രാഫിക്. മാസികയിലെ ‘സ്ത്രീകൾ-ഒരു നൂറ്റാണ്ടിന്റെ മാറ്റം’ എന്ന പംക്തിയിലാണ് ഇവരുടെ അഞ്ചുപേരുടെയും ഫോട്ടോ, പ്രസിദ്ധീകരിച്ചത്. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് 2016ൽ ആരംഭിച്ച പിങ്ക് പൊലീസിനെ കുറിച്ചും മാഗസിനിൽ പരാമർശവും വിവരണവുമുണ്ട്. സിസ്റ്റർ നീനാ റോസ്, സിസ്റ്റർ അൻസീറ്റ, സിസ്റ്റർ അനുപമ, സിസ്റ്റർ ജോസഫൈൻ, സിസ്റ്റർ ആൽഫി എന്നിവരുടെ ചിത്രങ്ങളാണ് ഏറെ പ്രാധാന്യത്തോടെ മാസിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം ഇവരുടെ നീണ്ട, പ്രതിസന്ധികൾ നിറഞ്ഞ പോരാട്ടത്തെ കുറിച്ച് വിവരിക്കുന്ന ഒരു കുറിപ്പും നാഷണൽ ജിയോഗ്രാഫിക് നൽകിയിട്ടുണ്ട്. എന്നാൽ ഫ്രാങ്കോയുടെ പേര് കുറിപ്പിൽ ഇല്ല.
കുറിപ്പ് ഇങ്ങനെ:
‘പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും നിശബ്ദരായിരിക്കണമെന്നും മേലധികാരികൾ അവർക്കു മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. പക്ഷെ അവർ അത് നിരസിച്ചു. തന്നെ ഒരു ബിഷപ്പ് പല തവണ ബലാത്സംഗം ചെയ്തുവെന്ന് കേരളത്തിലെ ഒരു കന്യാസ്ത്രീ സഭാ നേതാക്കളോടു പരാതിപ്പെട്ടു. പക്ഷേ, ഒന്നുമുണ്ടായില്ല. ഇതോടെയാണ് ഇവർ പൊലീസിനെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ അഞ്ചു കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ പ്രതിഷേധിച്ച് കേരളത്തിലെ ഹൈക്കോടതിയുടെ സമീപം സത്യാഗ്രഹം ഇരുന്നു. രണ്ടാഴ്ചക്കു ശേഷം താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു കൊണ്ടിരുന്ന ബിഷപ്പ് ഒടുവിൽ അറസ്റ്റിലായി. എന്നാൽ ഇവർക്ക് പിന്തുണ നൽകുന്നതിനു പകരം പ്രതിമാസ അലവൻസ് വെട്ടിക്കുറക്കുകയാണ് സഭ ചെയ്തത്.’
Leave a Reply