കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കൃപേഷിന്റെ അച്ഛന്‍

കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കൃപേഷിന്റെ അച്ഛന്‍


കോസര്‍കോട് ജില്ലയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍.

മകനെ സിപിഎമ്മുകാര്‍ കരുതിക്കൂട്ടി കൊന്നതാണെന്നും അവര്‍ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു. കൊലക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തന്റേത് ഒരു നിര്‍ധന കുടുംബമാണെന്നും ഏക മകനായിരുന്നു ആകെയുള്ള ആശ്രയമെന്നും, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം അവന്റെ പഠിത്തം മുടങ്ങിയെന്നും കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.

മുമ്പ് സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവുമായി കൃപേഷിന് സംഘര്‍ഷമുണ്ടായിരുന്നു അതിനുശേഷം ഇനി പ്രശ്‌നങ്ങളില്‍ പെട്ടാല്‍ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞിരുന്നു എന്നും കൃപേഷിന്റെ അച്ഛന്‍ വ്യക്തമാക്കി.

കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഊര്‍ജിതമായ അന്വേഷണം നടത്താന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ജില്ലാ ക്രൈം ഡിവൈഎസ്പിയുടെ കീഴില്‍ അന്വേണത്തിന് ആറംഗ സംഘത്തെ രൂപീകരിച്ചു. മൂന്ന് ഡിവൈഎസ്പിമാര്‍, മൂന്ന് സിഐമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. കൂടുതല്‍ അന്വേഷണത്തിന് ഡിജിപി കര്‍ണാടക പൊലീസിന്റെ സഹായം തേടി.

ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട് കൂരാങ്കര റോഡിലാണ് സംഭവം. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.

ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു.

ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചില്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.

സ്ഥലത്തെത്തിയ ബേക്കല്‍ പൊലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗലൂരു യൂണിറ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply