വോട്ട് ചോദിക്കുന്നതൊക്കെ കൊള്ളാം; സ്ഥാനാർഥികൾക്കുള്ള നിർദേശങ്ങൾ

ഷേക്ക് ഹാൻഡ് വേണ്ട, വയോജനങ്ങളും കുട്ടികളുമായി ഇടപെടുകയും വേണ്ട, സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

എറണാകുളം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കേണ്ട മുൻകരുതലുകളെ ഓര്‍മപ്പെടുത്തുകയാണ് ആരോഗ്യ വകുപ്പ്.

പ്രചരണത്തിന് പോവുന്നവര്‍ ഷേക്ക് ഹാൻഡ് നല്‍കുന്നത് ഒഴിവാക്കണം, വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി അടുത്തിടപഴകുന്നത് പരമാവധി ഒഴിവാക്കണം. പ്രചരണത്തിന് പോവുന്നവര്‍ ഒരു കാരണവശാലും കുട്ടികളെ എടുക്കാൻ പാടില്ല.

നോട്ടീസുകളുടെയും ലഘുലേഖകളുടെയും വിതരണം പരമാവധി കുറച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരിക്കുന്ന നിര്‍ദേശം. ലഘുലേഖകളോ നോട്ടീസുകളോ വാങ്ങിയാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.

ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.വീടിനകത്തേക്ക് പ്രവേശിക്കാതെ പുറത്തുനിന്നുകൊണ്ടുതന്നെ വോട്ടഭ്യര്‍ത്ഥിക്കണം. അവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം.വീട്ടിലുള്ളവരും സ്ഥാനാര്‍ത്ഥിയും ടീമംഗങ്ങളും നിര്‍ബന്ധമായും മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. സാനിറ്റൈസര്‍ കൈയില്‍ക്കരുതി ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കണം.

പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും പ്രചാരണത്തിനിറങ്ങരുത്. ഈ രോഗലക്ഷണങ്ങളുള്ള വീട്ടുകാരും സന്ദര്‍ശനത്തിനെത്തുന്നവരെ കാണരുത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥി കൊവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റീനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍തന്നെ പ്രചാരണരംഗത്തുനിന്ന് മാറിനില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.

പരിശോധനാഫലം നെഗറ്റീവായതിനുശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ. കൊവിഡ് പോസിറ്റീവായ രോഗികളുടെയോ ക്വാറന്റീനിലുള്ളവരുടെയോ വീടുകളില്‍ സ്ഥാനാര്‍ത്ഥി നേരിട്ടുപോകാതെ ഫോണ്‍ വഴിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ വോട്ടഭ്യര്‍ത്ഥിക്കുന്നതാണ് ഉചിതം.

പ്രചാരണശേഷം സ്വന്തം വീടുകളില്‍ മടങ്ങിയെത്തിയാലുടന്‍ സ്ഥാനാര്‍ത്ഥിയും ടീമംഗങ്ങളും ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ കുതിര്‍ത്തുവെച്ച്, സോപ്പുപയോഗിച്ച് വൃത്തിയായി കുളിച്ചശേഷമേ മറ്റുള്ളവരുമായി ഇടപഴകാന്‍ പാടുള്ളൂ.

പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ. യോഗങ്ങള്‍ നടത്തുന്ന സ്ഥലങ്ങളില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ ലഭ്യമാക്കണം. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*