സ്തനാര്‍ബുദം നിയന്ത്രിക്കാന്‍ പുതുവഴി കണ്ടെത്തിയ ഡോ. സീമയ്ക്ക് ഇരട്ട പുരസ്‌ക്കാരം

സ്തനാര്‍ബുദം നിയന്ത്രിക്കാന്‍ പുതുവഴി കണ്ടെത്തിയ ഡോ. സീമയ്ക്ക് ഇരട്ട പുരസ്‌ക്കാരം

വനിതാ ആരോഗ്യമേഖലയ്ക്ക് വിപ്ലവകരമായ മാറ്റം സമ്മാനിച്ച തൃശ്ശൂര്‍ സ്വദേശിനി ഡോക്ടര്‍ സീമ അന്‍സാരി ഇരട്ട പുരസ്‌ക്കാര നിറവില്‍.

തൃശൂരിലെ സെന്റര്‍ ഫോര്‍ മറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജി കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. സീമയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡി.എസ്.ടി) നല്‍കുന്ന ശാസ്ത്ര സാങ്കേതികവിദ്യയിലൂടെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ദേശീയ അവാര്‍ഡും (എന്‍ എ ഡബ്ല്യു ഡി) വനിതാ ശിശുക്ഷേമ മന്ത്രാലയം വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ആയ നാരീശക്തി പുരസ്‌ക്കാര’വും കരസ്ഥമാക്കിയിരിക്കുന്നത്.

സ്തനാര്‍ബുദം കണ്ടെത്തുന്നതിന് സഹായിക്കുന്ന സെന്‍സര്‍ ഘടിപ്പിച്ച ബ്രാ കണ്ടുപിടിച്ചതിനാണ് ഡോ സീമയ്ക്ക് പുരസ്‌കാരം ലഭിച്ചത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നുമാണ് സീമ ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ക്യാന്‍സര്‍ സെല്ലുകളുടെ ടെമ്പറേച്ചര്‍ മനസിലാക്കി സ്തനാര്‍ബുദം കണ്ടെത്താന്‍ സഹായിക്കുന്ന ബ്രാ ആണ് ഡോ സീനയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ കണ്ടെത്തിയത്.

സ്ത്രീകള്‍ക്ക് സാധാരണപോലെ ധരിക്കാവുന്ന രീതിയില്‍ തയ്യാറാക്കിരിക്കുന്ന ബ്രായില്‍ സെന്‍സറുകള്‍ കൂടി ഘടിപ്പിച്ചിട്ടുണ്ട്. ഈ സെന്‍സറുകളാണ് സ്തനാര്‍ബുദ പരിശോധനയ്ക്ക് സഹായിക്കുക.

അണുവികിരണമില്ലാത്ത വളരെ ചെലവു കുറഞ്ഞ രോഗ നിര്‍ണയ ഉപകരണമാണ് ഡോ. സീമയുടേത്. നിലവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങളുടെ സ്ഥാനത്ത്, പരമാവധി 50,000 രൂപ വരെ ചെലവു വരുന്ന പൊതു വിവര സമ്പാദന സംവിധാനത്തിനു പുറമേ രോഗിയ്ക്കു ധരിക്കാവുന്ന ഉപകരണത്തിന് കേവലം 400-500 രൂപയാണ് വില.

ഒരു മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ വീതിയും 1.5 മില്ലിമീറ്റര്‍ ആഴവുമുള്ള രീതിയിലാണ് സെന്‍സറുകള്‍. കോട്ടണ്‍ ബ്രായുടെ രണ്ടു കപ്പിലും ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. സെന്‍സറുമായി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കണം.

കമ്പ്യൂട്ടറിലേക്ക് 2D ചിത്രങ്ങളായാണ് റിപ്പോര്‍ട്ട് എത്തുക. അതേസമയം, റിസള്‍ട്ട് 3D ചിത്രങ്ങളായി ലഭിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യ എത്രയും പെട്ടെന്ന് വിപുലപ്പെടുത്താമെന്ന് ഡോ സീമ പറഞ്ഞു.

എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയടക്കം സി-മെറ്റിന്റെ നിരവധി കണ്ടുപിടുത്തങ്ങളില്‍ ഡോ. സീമ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ പരേതനായ അന്‍സാരിയുടെയും ശ്രീദേവിയുടെയും മകളാണ്. ഭര്‍ത്താവ് രാജന്‍ എം.പി.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നാണ് ഡോ. സീമ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും കരസ്ഥമാക്കിയത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന എന്‍.എ.ഡബ്ല്യു.ഡി അവാര്‍ഡ് ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് ജവഹര്‍ലാര്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഡി എസ് ടി സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മയില്‍ നിന്നാണ് ഏറ്റുവാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply