വാര്‍ത്തകളും പരാതിയും തെറ്റിദ്ധാരണ മൂലമെന്ന് കേരള സര്‍വകലാശാല

വാര്‍ത്തകളും പരാതിയും തെറ്റിദ്ധാരണ മൂലമെന്ന് കേരള സര്‍വകലാശാല

കേരള സര്‍വകലാശാലയുടെ വേദാന്ത സെന്ററുമായും ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുമായും ബന്ധപ്പെട്ട വാര്‍ത്തയും പരാതിയും തെറ്റിദ്ധാരണ മൂലമെന്ന് സര്‍വകലാശാല. വാര്‍ത്താക്കുറിപ്പിലൂടെയാണ് സര്‍വകലാശാല ഇക്കാര്യം അറിയിച്ചത്.

സര്‍വകലാശാലയുടെ സംസ്‌കൃത പഠനവകുപ്പിനൊപ്പം പ്രവര്‍ത്തിച്ചു വന്ന വേദാന്ത സെന്ററിന്റെ ചുമതല ആകെയുള്ള രണ്ട് അദ്ധ്യാപകരിലെ ഒരു അസിസ്‌ററന്റ് പ്രൊഫസര്‍ക്കാണ് നല്‍കിയിരുന്നത്. സെന്ററിന്റെ അക്കാദമിക പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായമെല്ലാം സര്‍വകലാശാലയാണ് നല്‍കിവരുന്നത്.

അന്താരാഷ്ട്ര ശ്രീനാരായണ പഠന- ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാല ഈ അടുത്തകാലത്തായി വിപുലപ്പെടുത്തിയതുപേലെ വേദാന്ത സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തി പൊതുസമൂഹത്തിനുകൂടി അതിന്റെ ഗുണം ലഭ്യമാക്കണമെന്ന് സര്‍വകലാശാല ആലോചിച്ചിരുന്നു.

അതിന്റെ ഭാഗമായാണ് സര്‍വകലാശാലയുടെ തത്ത്വചിന്താ പഠനവകുപ്പ് മേധാവിയായ സീനിയര്‍ പ്രൊഫസര്‍ക്ക് സെന്ററിന്റെ അധിക ചുമതല നല്‍കിക്കൊണ്ട് സംസ്‌കൃത പഠനവകുപ്പിനൊപ്പം വേദാന്ത സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍വകലാശാല തീരുമാനിച്ചതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകളും ആക്ഷേപങ്ങളും സാലറി ചലഞ്ച് കൂട്ടിവായിക്കലും ബന്ധപ്പെട്ടവരുടെ ഭാവനാസൃഷ്ടി മാത്രമാണെന്നും സര്‍വകലാശാല വ്യക്തമാക്കി.

അതുപോലെ തന്നെ യൂ. എന്നില്‍ അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ച പ്രോജക്ടിന്, ഉയര്‍ന്ന നേട്ടങ്ങള്‍ക്ക് പ്രതിഭകള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് കാണിച്ച് ഒരു വിദ്യാര്‍ത്ഥിയുടെ അപേക്ഷ സര്‍വകലാശാലയ്ക്ക് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച സര്‍വകലാശാലാ നിയമം അപേക്ഷകന്റെ ആവശ്യത്തിന് അനുകൂലമല്ലാത്തതിനാല്‍ സര്‍വകലാശാലാ സമിതികള്‍ ആ അപേക്ഷ നിരസിക്കുകയാണുണ്ടായതെന്നും വാര്‍ത്താക്കുറിപ്പില്‍ കേരള സര്‍വകലാശാല വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*