കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ തുടങ്ങി; ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തന സജ്ജം

കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ തുടങ്ങി; ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തന സജ്ജം

കളമശേരി കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ കിടത്തി ചികിത്സ തുടങ്ങി. തുടക്കത്തില്‍ ആറു കിടക്കകളാണ് തയാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് 20 കിടക്കകളാക്കുമെന്നും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ മോനി എബ്രഹാം കുര്യാക്കോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇവിടുത്തെ ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തന സജ്ജമായി. ആദ്യഘട്ടത്തില്‍ ചെറിയ ശസ്്ത്രക്രിയകളാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ നടത്തുക. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്താനുള്ള സൗകര്യം ഈ വര്‍ഷാവസാനം പൂര്‍ത്തിയാകും. ശസ്ത്രക്രിയകള്‍ വേണ്ടി വരുന്ന രോഗികള്‍ക്കു മാത്രമേ കിടത്തി ചികിത്സ ലഭ്യമാകൂ.

കിടത്തി ചികിത്സ ആരംഭിക്കുന്നതോടെ ഡോക്ടര്‍മാരടക്കം 23 പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. നിലവില്‍ 32 ജീവനക്കാരാണുള്ളത്. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 55 ആയി. ഈ വര്‍ഷം തന്നെ ജീവനക്കാരുടെ എണ്ണം 100 ആക്കും.

കളമശേരി മെഡിക്കല്‍ കോളേജിന്റെ കെട്ടിടത്തിലാണ് കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം 2020 ല്‍ പൂര്‍ത്തിയാകുമെന്ന് ഡോ. മോനി പറഞ്ഞു. 379.73 കോടി രൂപയാണ് കാന്‍സര്‍ സെന്ററിനായി കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 87.15 കോടി രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ 16 കോടി വിനിയോഗിച്ചു. 6.2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം ഒരുങ്ങുന്നത്. 2022 ല്‍ 380 കിടക്കകളും നൂതന സൗകര്യങ്ങളുമടക്കം കാന്‍സര്‍ സെന്റര്‍ പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാകും.

കാന്‍സര്‍ രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിനുള്ള നിരവധി പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാമിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തില്‍ നിന്നു തന്നെ കാന്‍സര്‍ രോഗം കണ്ടെത്തുന്ന പരിപാടി പുരോഗമിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. 11 താലൂക്ക് ആശുപത്രികളില്‍ കമ്മ്യൂണിറ്റി കാന്‍സര്‍ ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ കാന്‍സര്‍ രംഗത്തെ ഗവേഷണത്തിനായി കിന്‍ഫ്ര ബയോടെക് പാര്‍ക്കില്‍ കാന്‍സര്‍ ടെക്നോളജി ഇന്‍ക്യുബേറ്ററും ആരംഭിച്ചിട്ടുണ്ട്.

ആര്‍എംഒ ഡോ. പോള്‍ ജോര്‍ജ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാല്‍, ഗൈനക് ഓങ്കോ സര്‍ജന്‍ ഡോ. നിത, ഓങ്കോ സര്‍ജന്‍ ഡോ. ഷിഷ ലിസ് എബ്രഹാം, ഓങ്കോളജിസ്റ്റ് ഡോ. പ്രേം രവി വര്‍മ്മ തുടങ്ങിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment