കൊടുങ്ങല്ലൂര്‍ ഭരണിയും അറിയപ്പെടാത്ത ചില വിശേഷങ്ങളും

കൊടുങ്ങല്ലൂര്‍ ഭരണിയും അറിയപ്പെടാത്ത ചില വിശേഷങ്ങളും

ആളും ആരവങ്ങളും ഒന്നും ഇല്ലാതെയാണ് 2021 വർഷത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്ക്‌ സമാപനം കുറിച്ചത്. മകരസംക്രമ സന്ധ്യയിൽ 1001 കതിനാ വെടികൾ മുഴങ്ങിയാണ് താലപ്പൊലി ഉത്സവത്തിന് തുടക്കമാവുന്നത്.

വൈകീട്ട് ക്ഷേത്രത്തിലെ നെയ്തിരിയിൽ നിന്നും മഠത്തിൽ മഠം രവീന്ദ്രനാഥൻ അടികൾ തെളിയിച്ച തീനാളം എടമുക്ക് സംഘത്തിലെ പ്രധാനി കതിനാവെടികൾക്ക് തീ കൊളുത്തിയാണ് നാല് ദിവസം നീളുന്ന ഉത്സവത്തിന് തുടക്കം കുറിക്കാറ്. ജാതിമതഭേദമന്യേ കൊടുങ്ങല്ലൂർ സ്വദേശികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവമാണ് താലപ്പൊലി.

എന്നാല്‍ മറ്റു സ്ഥലങ്ങളിൽ കൊടുങ്ങല്ലൂർ അറിയപ്പെടുന്നത് ഭക്തിയുടെ രൗദ്രഭാവം എന്ന് വിശേഷിക്കപ്പെടുന്ന ആഘോഷമായ ഭരണിയുടെ പേരിലാണ്. ഇതിലെ കൗതുകം എന്തെന്നാൽ കൊടുങ്ങല്ലൂർ നിവാസികൾ ആഘോഷിക്കുന്നത് താലപ്പൊലിയും ഭരണിയിൽ പങ്കുകൊള്ളുന്നത് മറ്റിടങ്ങളിൽ നിന്നുള്ളവരുമാണ്. ചരിത്രത്തിലേക്ക് എത്തി നോക്കിയാൽ കൊടുങ്ങല്ലൂരിന് പറയാൻ ഒരുപാട് കഥകളുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി, സെന്റ് തോമസ് വിശുദ്ധ തോമാശ്ലീഹ കേരളത്തിൽ ആദ്യമായി കാലുകുത്തിയ സ്ഥലം, മുൻകാലത്തെ സുപ്രധാന തുറമുഖം മുസിരിസ് നഗരം ഉൾപ്പെട്ടിരുന്ന ചരിത്ര പ്രധാന നഗരം, ജ്യോതിശാസ്ത്രജ്ഞൻ ആര്യഭട്ടൻ ഭാഗമായിരുന്ന ദേശം എന്നിങ്ങനെ ഒരുപാട് കഥ കൊടുങ്ങല്ലൂരിന് പിന്നിലുണ്ട്.

എന്നാൽ ഇന്ന് കൊടുങ്ങല്ലൂർ എന്നുകേട്ടാൽ കൊടുങ്ങല്ലൂർ ഭരണിയും അതിലെ പ്രധാന ആചാരമായ തെറിപ്പാട്ടും ആണ് ഏവരുടെയും മനസ്സിൽ ആദ്യമെത്തുന്നത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മീനമാസത്തിലെ ഭരണി നാളിലാണ് ഈ ഉത്സവം നടക്കുന്നത്. കുംഭ ഭരണി മുതൽ മീനഭരണി വരെ കലാപരിപാടികൾ ഒന്നുമില്ലാതെ തുറന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷം ആവും ഇവിടം. ഭരണിക്ക് പിന്നിലും കൊടുങ്ങല്ലൂരിനു പറയാൻ പല ചരിത്രമുണ്ട്.

കാവേരി പട്ടണത്തിൽ അതിധനികനായ ഒരു വ്യാപാരിയുടെ മകനായ കോവാലൻ അതിസുന്ദരിയായ കണ്ണകിയെ കാണുവാനും വിവാഹം ചെയ്യുവാനും ഇടയായി. ഇതിനിടയിൽ കോവാലൻ സുന്ദരിയും നർത്തകിയുമായ മാധവിയുമായ് പ്രണയത്തിലായ്. ഒട്ടും വൈകാതെ തന്നെ മാധവിക്ക് വേണ്ടി തന്റെ സ്വത്തുക്കളെല്ലാം ചിലവാക്കിയ കോവാലൻ ദരിദ്രനായി.

തന്‍റെ തെറ്റ് മനസിലാക്കിയ കോവാലൻ തിരികെ തന്റെ പത്നി കണ്ണകിയുടെ അരികിൽ എത്തി മാപ്പ് പറഞ്ഞു. അതിനുശേഷം അവരുടെ കയ്യിൽ ആകെ ബാക്കിയുണ്ടായ സ്വത്ത് കണ്ണകിയുടെ ചിലമ്പാണ്. ചിലമ്പ് വിറ്റ് മറ്റൊരു വ്യാപാരം തുടങ്ങുവാനായി ഇരുവരും മധുരയിലേക്ക് യാത്ര തിരിച്ചു . ഈ സമയത്താണ് മധുര രാജ്ഞിയുടെ ഒരു ചിലമ്പ് മോഷ്ടിക്കപ്പെട്ടത്.

ഇതേതുടർന്ന് കണ്ണകിയുടെ ചിലമ്പുമായി കവലയിൽ എത്തിയ കോവാലൻ പിടിക്കപ്പെട്ടു. ആ സമയം പാണ്ഡ്യ രാജാവായിരുന്ന നെടുഞ്ഞ് ചെളിയൻ പിടിക്കപ്പെട്ട കോവാലനെ വിചാരണ പോലുമില്ലാതെ തല വെട്ടിമാറ്റി ശിക്ഷിച്ചു . കൊപവതിയായ കണ്ണകി രാജധാനിയിൽ ചെന്ന് തന്റെ ചിലമ്പ് എറിഞ്ഞുടച്ചു.

രാഞ്ജിയുടെ ചിലമ്പിൽ നിന്നും മുത്തും കണ്ണകിയുടെ ചിലമ്പിൽ നിന്നും രത്നവും ആണ് വന്നത്, ശേഷം കണ്ണകിയുടെ ശാപം മൂലം മധുരാനഗരം അഗ്നിയിൽ വെന്തുരുകി. പിന്നീട് കൊടുങ്ങല്ലൂരിൽ എത്തിയ കണ്ണകി ക്ഷേത്രത്തിന്റെ വടക്കേ നടയിൽ എത്തി പരാശക്തിയിൽ ലയിച്ചുവെന്നാണ് ചരിത്രം പറയുന്നത്.

മറ്റൊരു ഐതിഹ്യത്തിൽ ദാരികനെ വധിക്കാനായി ശക്തിയാർജ്ജിക്കുന്ന ദേവിയെ പ്രകോപിതയാക്കാൻ ദേവിയുടെ പരിവാരങ്ങൾ ആയ കോമരങ്ങൾ അമ്പലനടയിൽ തെറിപ്പാട്ട് അഥവാ ഭരണി പാട്ട് പാടുകയും, മദ്യം സേവിക്കുകയും, കോഴിയെ അറുത്ത് കൊല്ലുകയും ചെയ്യുന്നു.ഇങ്ങനെ കോപിയാകുന്ന ദേവി എല്ലാ ശക്തിയോടും കൂടി ദാരികനെ വധിച്ചെന്നാണ് മറ്റൊരു ചരിത്രം.

ഇന്ന് ദേവിയുടെ കോമരങ്ങൾ ആകുവാൻ ആയിരങ്ങളാണ് കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും മീനമാസത്തിലെ ഭരണിനാളിൽ കൊടുങ്ങല്ലൂരിൽ എത്തുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നാണ് കൂടുതൽ ഭക്തർ എത്തുന്നത്.ദാരിക വീരനെ വധിച്ച് കലിതുള്ളി വരുന്ന ഭദ്രകാളിയുടെ കോപം അടക്കാൻ ശിവഗണങ്ങൾ ദേവി സ്തുതി പാടി നൃത്തം ചെയ്തതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ഉത്സവം എന്നും,ക്ഷേത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ബൗദ്ധരെ ഓടിക്കാൻ വേണ്ടിയാണ് ഭരണിപ്പാട്ട് എന്നും, നിരപരാധിയായ തന്റെ ഭർത്താവിനെ കൊന്നതിൽ പ്രതിഷേധിച്ച് മധുരാനഗരം ദഹിപ്പിച്ച കണ്ണകിയെ സാന്ത്വനിപ്പിക്കാൻ ആണ് ഭരണി എന്നുള്ള പല അഭിപ്രായങ്ങൾ ആണ് ഇന്ന് നിലനിൽക്കുന്നത്.

കോഴിക്കല്ല് മൂടൽ,രേവതി വിളക്ക്, കാവുതീണ്ടൽ, ഭരണിപ്പാട്ട് എന്നിവയാണ് കൊടുങ്ങല്ലൂർ ഭരണിയിലെ പ്രധാന ചടങ്ങുകൾ. സ്വന്തം ജീവിതത്തിൽ മൂടിവെച്ച സങ്കടങ്ങൾ എല്ലാം ഒരുനാൾ മദ്യത്തിന്റെയും ലഹരിയുടെയും സഹായ ത്തോടുകൂടി പരസ്യമായി ഉറക്കെ തുറന്നു പറയുവാനുള്ള ഒരു വേദിയായും ഈ ദിവസം കണക്കാക്ക പ്പെടുന്നു. ഭരണിനാളിൽ ക്ഷേത്രദർശനം നടത്തുന്നത് ദുരിത മോചനത്തിന് ഉത്തമമാണെന്ന വിശ്വാസവും നിലനില്‍ക്കുന്നു.

image courtesy: raintreeholidays.com

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*